മന്ത്രിസഭാ വികസനം വ്യാഴാഴ്ച
ദില്ലി: കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാറിലെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും. രാവിലെ 11.30ന് വിവിധ വകുപ്പുകളിലായി നാല്‍പതിലേറെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും.
ഡിഎംകെയുംടെ മൂന്ന് കാബിനറ്റ് മന്ത്രിമാരും നാഷണല്‍ കോണ്‍ഫറന്‍സ് മുതര്‍ന്ന നേതാവ് ഫറൂഖ് അബ്ദുള്ളയും കോണ്‍ഗ്രസ്, മറ്റു സഖ്യകക്ഷികള്‍ എന്നിവയില്‍ നിന്നുള്ള മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നവരില്‍ ഉള്‍പ്പെടും.
ഡിഎംകെയ്‌ക്ക് കൂടുതല്‍ മന്ത്രിസ്ഥാനം ലഭിച്ചതിനെത്തുടര്‍ന്ന് തങ്ങള്‍ക്കും കൂടുതല്‍ മന്ത്രിസ്ഥാനം വേണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസും എന്‍സിപിയും രംഗത്തെത്തിയതാണ് മന്ത്രിസഭാ വികസനം നീണ്ടുപോകാന്‍ കാരണമായത്.
അതല്ല കോണ്‍ഗ്രസില്‍ത്തന്നെയുള്ള വകുപ്പു വിഭജനമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളിലെ അവ്യക്തതയാണ് ചടങ്ങ് മാറ്റാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബംഗാളിലുണ്ടായ പ്രകൃതിക്ഷോഭവും പഞ്ചാബിലുണ്ടായ കലാപവും മൂലമാണ് മന്ത്രിസഭാ വികസനം നീട്ടിവച്ചതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.
മന്ത്രിമാരുടെ എണ്ണം സംബന്ധിച്ച് ഡിഎംകെ കോണ്‍ഗ്രസ് തര്‍ക്കത്തിന് പരിഹാരമായെങ്കിലും വകുപ്പുകളുടെ കാര്യത്തില്‍ ഡിഎംകെയില്‍ ഭിന്നത നിലനില്‍ക്കുകയാണ്. സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പങ്കെടുക്കാനായി തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ദില്ലിയിലെത്തിയിട്ടുണ്ട്.
രണ്ട് കാബിനറ്റ് പദവികള്‍ക്ക് പുറമേ കേരളത്തിന് മൂന്ന് സഹമന്ത്രിസ്ഥാനം കൂടി ലഭിച്ചേയ്‌ക്കുമെന്ന് സൂചനയുണ്ട്. സഹമന്ത്രിമാരായി ഇ അഹമ്മദ്, ശശി തരൂര്‍ എന്നിവരെയും കെവി തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരില്‍ ഒരാളെയും നിയമിച്ചേയ്‌ക്കുമെന്നാണ് സൂചനകള്‍.












Click it and Unblock the Notifications