പുതിയ മന്ത്രിമാര്‍ 59; കേരളത്തില്‍ നിന്ന് 4 പേര്‍
ദില്ലി: ബുധനാഴ്ച നടക്കുന്ന രണ്ടാംഘട്ട കേന്ദ്ര മന്ത്രിസഭാ വികസനത്തില്‍ 59 പേര്‍ സത്യപ്രതിജ്ഞ ചെയ്യും. ഇവരില്‍ 14 ക്യാബിനറ്റ് മന്ത്രിമാരും ഏഴ് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 38 സഹമന്ത്രിമാരും ഉള്‍പ്പെടും. ഇതോടെ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 79 ആയി ഉയരും. 34 ക്യാബിനറ്റ് മന്ത്രിമാരാകും ആകെയുണ്ടാവുക.
മുന്‍ മുഖ്യമന്ത്രിമാരായ വിലാസ്‌റാവു ദേശ്‌മുഖ്(മഹാരാഷ്‌ട്ര), വീരഭദ്ര സിങ്(ഹിമാചല്‍ പ്രദേശ്) എന്നിവര്‍ക്ക് ക്യാബിനറ്റ് റാങ്ക് ലഭിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ളയ്‌ക്കും ക്യാബിനറ്റ് പദവി ലഭിച്ചിട്ടുണ്ട്. എ രാജ, ദയാനിധി മാരന്‍, അഴഗിരി എന്നിവരായിരിക്കും ഡിഎംകെയുടെ കാബിനറ്റ് മന്ത്രിമാര്‍.
കഴിഞ്ഞ മന്ത്രിസഭയില്‍ സഹമന്ത്രിമാരായിരുന്ന കുമാരി ഷെല്‍ജ, പവന്‍കുമാര്‍ ബന്‍സല്‍, ജികെ വാസന്‍, എംഎസ് ഗില്‍ എന്നിവര്‍ ക്യാബിനറ്റ് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. കര്‍ണാടകത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ, മുകുള്‍ വാസ്‌നിക്, കാന്തിലാല്‍ ഭൂരിയ്യ, സുബോദ് കാന്ത് സഹായ് എന്നിവരാണ് ക്യാബിനറ്റ് പദവി ലഭിച്ചിട്ടുള്ള മറ്റുള്ളവര്‍.
കേരളത്തില്‍ നിന്ന് സഹമന്ത്രിമാരായി ശശി തരൂര്‍, കെവി തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ അഹമ്മദ്, എന്നിവരും വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന്റെ പ്രാതിനിധീകരിച്ച് ആറ് പേരുണ്ടാകും. ക്യാബിനറ്റ് മന്ത്രിമാരായി എകെ ആന്റണിയും വയലാര്‍ രവിയും നേരത്തെ സത്യപ്രതിജ്ഞ ചെയ്തിരുന്നു.












Click it and Unblock the Notifications