വിഎസിനെ പുറത്താക്കാന്‍ പാര്‍ട്ടിയില്‍ മുറവിളി
തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും വിഎസ് അച്യുതാനന്ദനെ മാറ്റണമെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ ആവശ്യമുയര്‍ന്നു. വിവിധ ജില്ലാ സെക്രട്ടറിമാര്‍ ആവശ്യപ്പെട്ട തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് വിഎസിന്റെ രാജി ആവശ്യം ഉയര്‍ന്നത്.
തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം വഹിച്ച വിഎസിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും പിബി അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നും റിപ്പോര്‍ട്ട് അവതരിപ്പിച്ച ഭൂരിപക്ഷം സെക്രട്ടറിമാരും ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിലെ തിരിച്ചടി ചര്‍ച്ച ചെയ്യുന്നതിന് ചൊവ്വാഴ്‌ച ആരംഭിച്ച ത്രിദിന യോഗത്തിലാണ് വിഎസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശിയും കോട്ടയം ജില്ലാ സെക്രട്ടറി കെജെ തോമസുമാണ് ഏറ്റവും രൂക്ഷമായ ആക്രമണം നടത്തിയത്.
വിഎസിനെ മുന്‍നിര്‍ത്തി പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ തോറ്റ് തുന്നം പാടുമെന്നും പി ശശി പറഞ്ഞു. സമാനമായ വിമര്‍ശനങ്ങള്‍ തന്നെയാണ് തോമസും ഉയര്‍ത്തിയത്. തോല്‍വിയ്‌ക്കുശേഷമുണ്ടായ വിഎസിന്റെ വിവാദച്ചിരിയും വിമര്‍ശിക്കപ്പെട്ടു.
ഓരോ തവണയും വിഎസ് പാര്‍ട്ടിയെ ഒറ്റുകൊടുക്കുകയാണെന്ന് ആരോപണമുയര്‍ന്നു. വയനാട് ജില്ലാ സെക്രട്ടറി സികെ ശശീന്ദ്രനും പത്തനംതിട്ട ജില്ലാ സെക്ട്രട്ടറി കെ രാജഗോപാലും മാത്രമാണ് വിഎസിനെ അനുകൂലിച്ച് സംസാരിച്ചത്.
പാലക്കാട്ട് ഭൂരിപക്ഷം കുറഞ്ഞതിനെക്കുറിച്ചും അന്വേഷണം വേണമെന്നതുള്‍പ്പെടെ ഒട്ടേറെ ആവശ്യങ്ങളാണ് ജില്ലാ സെക്രട്ടറിമാര്‍ ഉയര്‍ത്തിയത്. വിഎസിനെതിരെ നടപടിയെടുക്കാനായി കേന്ദ്ര നേതൃത്വത്തിനുമേല്‍ അവസാന സമ്മര്‍ദ്ദം നടത്തുകയാണ് പിണറായി പക്ഷം. വരും ദിവസങ്ങളില്‍ ഈ നീക്കം ശക്തമാകുമെന്നാണ് സൂചന.












Click it and Unblock the Notifications