വൃദ്ധസഭയ്‌ക്കുള്ളില്‍ ഏഴ് യുവാക്കളും
ദില്ലി: വൃദ്ധപ്പടയ്‌ക്കിടയില്‍ മൂന്ന് യുവാക്കളും യുപിഎ മന്ത്രിസഭയില്‍ സ്ഥാനം പിടിച്ചു. രാഹുലിന്റെ പാളയത്തില്‍ നിന്നുള്ള മൂന്നു പേരാണ് നാല്‍പ്പത്തിയഞ്ച് കഴിഞ്ഞ മന്ത്രിമാര്‍ക്കും സഹമന്ത്രിമാര്‍ക്കുമിടയില്‍ യുവമുഖങ്ങളായി എത്തുന്നത്.
ജ്യോതിരാദിത്യ സിന്ധ്യ(37), സച്ചിന്‍ പൈലറ്റ്(32), ജിതിന്‍ പ്രസാദ(35) എന്നിവരാണ് മന്ത്രിസഭയില്‍ ഇടം കണ്ടെത്തിയ യുവാക്കള്‍,. രാഹുവിന്റെ ശക്തമായ ഇടപെടല്‍ കാരണമാണ് വൃദ്ധര്‍ തിങ്ങിനിറഞ്ഞ മന്ത്രിസഭയില്‍ മുപ്പത് പിന്നിട്ട ഈ യുവാക്കള്‍ക്ക് സ്ഥാനം ലഭിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ള 79 പേരുള്ള മന്ത്രിസഭയുടെ ശരാശരി പ്രായം 57 വയസ്സാണ്. ഇതില്‍ നാല്‍പതില്‍ താഴെ പ്രായമുള്ളവര്‍ വെറും ഏഴു പേര്‍ മാത്രമാണ്. സിന്ധ്യ, സച്ചിന്‍, ജിതിന്‍ എന്നിവര്‍ക്ക് പുറമേ, പ്രതീക് പാട്ടീല്‍(36), ആര്‍പിഎന്‍ സിങ്(37), അരുണ്‍ യാദവ്(36), അഗത സങ്‌മ എന്നിവര്‍ മാത്രമാണ് നാല്‍പതില്‍ താഴെ പ്രായമുള്ളവര്‍.
ഇവര്‍ എല്ലാവരും സഹമന്ത്രിമാരാണ്. ഇരുപത്തിയെട്ടാം വയസ്സിലേയ്‌ക്ക് കാലെടുത്തുവയ്‌ക്കുന്ന അഗത സാങ്‌മയാണ് ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി. വിദേശകാര്യമന്ത്രി എസ്‌എം കൃഷ്‌ണ(77)യാണ് ഏറ്റവും മുതിര്‍ന്ന അംഗം.
പതിനഞ്ചാം ലോക് സഭയില്‍ 25നും 40നും ഇടയില്‍ പ്രായമുള്ള 82 എംപിമാരുണ്ട്. കോണ്‍ഗ്രസിന് മാത്രം 27 യുവ എംപിമാരാണുള്ളത്. മന്ത്രിസഭയില്‍ അര്‍ഹമായ പ്രാധാന്യം ലഭിച്ചിട്ടില്ലെന്ന് യുവനേതാക്കള്‍ക്ക് പരാതിയുണ്ട്.












Click it and Unblock the Notifications