കേസ് നടത്തുന്നത് പാര്‍ട്ടി ചെലവില്‍: പിണറായി
തിരുവനന്തപുരം: അഴിമതിക്കേസുകള്‍ നടത്താന്‍ സ്വന്തം കീശയില്‍ നിന്നാണ് കാശ് ചെലവാക്കുന്നതെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വാദം ഖണ്ഡിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
സംസ്ഥാന കമ്മിറ്റിയില്‍ വച്ച കണക്കിലാണ് വിഎസ് നയിക്കുന്ന അഴിമതിക്കേസുകള്‍ക്ക് പാര്‍ട്ടിയാണ് ചെലാവാക്കുന്നതെന്ന് പിണറായി വ്യക്തമാക്കിയത്.
ലാവലിന്‍ കേസ് വിവാദമായപ്പോഴാണ് തന്റെ അഴിമതി വിരുദ്ധ നിലപാടിന് പാര്‍ട്ടി പിന്തുണ നല്‍കിയില്ലെന്നും കേസ് നടത്തിപ്പിന് നയാപൈസപോലും നല്‍കുന്നില്ലെന്നും വിഎസ് പറഞ്ഞിരുന്നത്. പാമോയില്‍, ഇടമലയാര്‍, ഗ്രൈഫ്‌റ്റ് എന്നീ കേസുകളും അദ്ദേഹം എടുത്തുകാട്ടി.
പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിഎസ് അഴിമതിക്കേസുകള്‍ നടത്തിക്കുന്നതെന്ന് അന്ന് പിണറായി വ്യക്തമാക്കി. അപ്പോഴാണ് പാര്‍ട്ടി പണം നല്‍കുന്നില്ലെന്ന് വിഎസ് പറഞ്ഞിരുന്നത്.
ഇക്കാര്യം പറഞ്ഞുകൊണ്ടാണ് വിഎസിന്റെ സാന്നിധ്യത്തില്‍ പിണറായി കേസിന് വേണ്ടി ചെലവാക്കിയ തുകയുടെ കണക്കുകള്‍ അവതരിപ്പിച്ചത്.
അഭിഭാഷകര്‍ക്ക് നല്‍കിയ ഫീസിന്റെ കണക്കുമുതല്‍ യാത്രാച്ചെലവ് വരെ കണക്കില്‍ കാണിച്ചിട്ടുണ്ടെന്നാണ് സൂചന. എന്തായാലും അഴിമതി വിരുദ്ധ പ്രവര്‍ത്തനം ഉയര്‍ത്തിപ്പിടിച്ച് പാര്‍ട്ടിയെ താഴ്‌ത്തിക്കാണിക്കാന്‍ വിഎസ് നടത്തിയ ശ്രമത്തിന് തിരിച്ചടിയാണിത്.












Click it and Unblock the Notifications