സാനിയ മിര്‍സ വിവാഹിതയാകുന്നു

ഹൈദരാബാദിലെ പ്രമുഖ ബിസിനസുകാരനാണ് ഇരുപത്തിമൂന്നുകാരനായ സുഹ്‌റാബ്. ജൂലൈ പത്തിന് ജന്മനാടായ ഹൈദരാബാദില്‍ വച്ചാണ് സാനിയയുടെയും സുഹ്‌റാബിന്റെയും വിവാഹനിശ്ചയച്ചടങ്ങ് നടക്കുക. നിശ്ചയത്തിനായുള്ള ക്ഷണക്കത്തു വിതരണവും മറ്റ് ഒരുക്കങ്ങളും ഏതാണ്ട് അവസാനിച്ചതായി സാനിയയുടെ കുടുംബവൃത്തങ്ങള്‍ പറഞ്ഞു.
ടെന്നിസ് കോര്‍ട്ടില്‍ പെട്ടെന്നായിരുന്നു സാനിയ വളര്‍ന്നതും പ്രശസ്‌തിയാര്‍ജ്ജിച്ചതും. പതിയെ വിവാദങ്ങളും കൂട്ടിനെത്തി. മുസ്ലീം വംശജയായ സാനിയ ചെറിയ പാവാടയുടുത്ത് കോര്‍ട്ടിലെത്തുന്നതിന്റെ പേരില്‍ മുസ്ലീം മതനേതാക്കള്‍ കോലാഹലങ്ങളുണ്ടാക്കിയിരുന്നു.
പിന്നീട് വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തെ അനുകൂലിച്ചുകൊണ്ട് സാനിയ നടത്തിയ പരാമര്‍ശങ്ങളും വിവാദമായി. ടെന്നിസിന് പുറമെ മോഡലിംഗിനും സമയം കണ്ടെത്തിയ സാനിയ കോര്‍ട്ടിലും സ്‌ക്രീനിലും ഒരേപോലെ ഗ്ലാമര്‍ താരമായിമാറി.
എന്തായാലും ടെന്നിസില്‍ പ്രവചിക്കപ്പെട്ടത്ര ഉയരത്തിലെത്താന്‍ സാനിയയ്‌ക്ക് കഴിഞ്ഞില്ല. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി പരിക്കുമൂലം കാര്യമായ നേട്ടങ്ങളൊന്നും കൊയ്യാന്‍ ഈ കായികതാരത്തിന് കഴിഞ്ഞില്ല. സാനിയയ്‌ക്ക് ഇപ്പോല്‍ ഇരുപത്തിരണ്ട് വയസ്സ് പൂര്‍ത്തിയായി.
വിവാഹ ദിവസം ഇതുവരെ തീരുമാനിച്ചിട്ടില്ല. വിവാഹനിശ്ചയത്തിന് ശേഷം ബികോം ബിരുദധാരിയായ സുഹ്‌റാബ് ബ്രിട്ടനിലേയ്‌ക്ക് എംബിഎ പഠനത്തിനായി പോകും. എന്നാലും അധികം വൈകാതെതന്നെ വിവാഹം നടക്കുമെന്നാണ് ഇരുവരുടെയും കുടുംബാംഗങ്ങള്‍ പറയുന്നത്.












Click it and Unblock the Notifications