കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല സുരയ്യ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

Kamala Surayya
പുനെ: മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി കമല സുരയ്യ (മാധവിക്കുട്ടി-75) അന്തരിച്ചു. പുനെയില്‍ ജഹാംഗീര്‍ ആശുപത്രിയില്‍ ഞായറാഴ്‌ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. പ്രമേഹം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന്‌ ഏറെ നാളായി പുനെയില്‍ ചികിത്സയിലായിരുന്ന മാധവിക്കുട്ടിയെ ശ്വാസതടസ്സത്തെ തുടര്‍ന്ന്‌ ഏപ്രില്‍ 17നാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. മകന്‍ ജയസൂര്യയും സഹായിയായ അമ്മുവും മരണസമയത്ത്‌ അടുത്തുണ്ടായിരുന്നു.

മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തില്‍ ചെറുകഥകളും നോവലുകളും കമലാദാസ്‌ എന്ന പേരില്‍ ഇംഗ്ലീഷില്‍ കവിതകളുമെഴുതി രണ്ടു ഭാഷകളിലും ഏറെ ആരാധകരെ സൃഷ്ടിച്ച വ്യക്തിത്വമായിരുന്നു കമലയുടേത്‌.

കവയിത്രി ബാലാമണിയമ്മയുടേയും മാതൃഭൂമി മുന്‍ മാനേജിങ്‌ എഡിറ്റര്‍ വിഎം നായരുടേയും മകളായി 1932 മാര്‍ച്ച്‌ 31ന്‌ പാലക്കാട്ട്‌ പുന്നയൂര്‍ക്കുളത്ത്‌ നാലപ്പാട്ടു തറവാട്ടിലായിരുന്നു കമലാസുരയ്യയുടെ ജനനം. ഭര്‍ത്താവ്‌ പരേതനായ മാധവദാസ്‌. മക്കള്‍: എംഡി നാലപ്പാട്‌, ചിന്നന്‍ ദാസ്‌, ജയസൂര്യ ദാസ്‌.

1999ല്‍ ഇസ്ലാം മതവും കമല സുരയ്യ എന്ന പുതിയ പേരും സ്വീകരിച്ച കമലയുടെ തീരുമാനം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സമൂഹത്തിന്റെ പല കോണുകളില്‍ നിന്ന്‌ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും തന്റെ തീരുമാനത്തില്‍ അവര്‍ ധീരമായി ഉറച്ചു നിന്നു.

14 വര്‍ഷം നീണ്ട താമസത്തിനുശേഷം 2007 ജനുവരിയിലായിരുന്നു കമല സുരയ്യ കൊച്ചിയോട്‌ വിടപറഞ്ഞത്‌. ഇളയ മകന്‍ ജയസൂര്യയ്‌ക്കൊപ്പം പൂനയിലെ ഫ്‌ളാറ്റിലേക്കായിരുന്നു കമലാസുരയ്യ പോയത്‌. പുനെയില്‍ മീഡിയ കണ്‍സള്‍ട്ടന്റായി ജോലിചെയ്യുന്ന ജയസൂര്യയുടെ ഫ്‌ളാറ്റിലെ മുകളിലത്തെ നിലയിലെ ഫ്‌ളാറ്റിലായിരുന്നു കമലാ സുരയ്യയുടെ ശിഷ്ടകാല ജീവിതം.

ചെറുകഥകളും ആത്മകഥാംശമുളള രചനകളുമാണ്‌ മാധവിക്കുട്ടിയെ മലയാളത്തിന്റെ പ്രിയങ്കരിയാക്കിയത്‌. ഇന്ത്യന്‍ സ്‌ത്രീകളുടെ ലൈംഗിക അഭിനിവേശങ്ങള്‍ രചനകളിലൂടെ തുറന്നു പറഞ്ഞ മാധവിക്കുട്ടിയുടെ പല കൃതികളും വന്‍വിവാദങ്ങള്‍ക്ക്‌ കളമൊരുക്കി. ഓര്‍മ്മചെപ്പിലെ അനുഭവങ്ങളുടെ നേര്‍സാക്ഷ്യമായിരുന്നു അവരുടെ പല കൃതികളും.

രചനകള്‍: ആദ്യ കഥാസമാഹാരം-മതിലുകള്‍ (1955). മറ്റു കൃതികള്‍: തരിശുനിലം, നരിച്ചീറുകള്‍ പറക്കുമ്പോള്‍, എന്റെ സ്‌നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, തണുപ്പ്‌, മാനസി, തിരഞ്ഞെടുത്ത കഥകള്‍, എന്റെ കഥ, വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, ചന്ദനമരങ്ങള്‍, മനോമി, ഡയറിക്കുറിപ്പുകള്‍, ബാല്യകാലസ്‌മരണകള്‍, നീര്‍മാതളം പൂത്തകാലം, വണ്ടിക്കാളകള്‍. ഇംഗ്ലിഷ്‌ കവിതാ സമാഹാരങ്ങള്‍: സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ്‌ ഓഫ്‌ ലസ്റ്റ്‌, ദ്‌ ഡിസന്റന്‍സ്‌, ഓള്‍ഡ്‌ പ്ലേ ഹൗസ്‌, കളക്‌റ്റഡ്‌ പോയംസ്‌.

ആശാന്‍ വേള്‍ഡ്‌ പ്രൈസ്‌, ഏഷ്യന്‍ പൊയട്രി പ്രൈസ്‌, കെന്റ്‌ അവാര്‍ഡ്‌, എഴുത്തച്‌ഛന്‍ പുരസ്‌കാരം, സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്‌- തുടങ്ങിയ പുരസ്‌കാരങ്ങള്‍ കമലയെ തേടിയെത്തിയിട്ടുണ്ട്‌‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X