ഇന്ത്യക്കാരനെതിരെ വീണ്ടും ആക്രമണം
മെല്‍ബണ്‍: ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടക്കുന്ന വംശീയാക്രമണ വിവാദം കത്തിപ്പടരുന്നതിനിടെ ആസ്‌ത്രേലിയയില്‍ വീണ്ടും ഇന്ത്യക്കാരന് മര്‍ദ്ദനം.
ഹൈദരാബാദുകാരനായ ടാക്‌സി ഡ്രൈവറാണ് ഇത്തവണ ആക്രമണത്തിനിരയായത്. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാര്‍ ഇയാളെ തല്ലിച്ചതയ്‌ക്കുകയായിരുന്നുവത്രേ. ഒരു മാസത്തിനുള്ളില്‍ ഇത് ആറാം തവണയാണ് ആസ്‌ത്രേലിയയില്‍ ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അതിക്രമം നടക്കുന്നത്.
ഇന്ത്യക്കാര്‍ക്കെതിരെയുള്ള വംശീയാക്രണത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്‌ച സമാധാനപരമായി റാലി നടത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 18 പേരെ ആസ്‌ത്രേലിയയിലെ പൊലീസ് അറസ്റ്റുചെയ്‌തിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ ഒരു മലയാളി വിദ്യാര്‍ത്ഥിയും ഉണ്ടെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
സമാധാനപരമായി നടന്ന റാലികളില്‍ അതിക്രമിച്ചുകയറി പൊലീസ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായും പരാതിയുയര്‍ന്നിട്ടുണ്ട്. ഇതിനിടെ രാജ്യത്ത് ഇന്ത്യക്കാര്‍ക്കെതിരെ നടന്ന അക്രമങ്ങളില്‍ ആസ്‌ത്രേലിയയിലെ പ്രധാനമന്ത്രി കെവിന്‍ റൂഡ് വീണ്ടും മാപ്പു പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പൊലീസ് മേധാവി സൈമണ്‍ ഓവര്‍ലാന്റും പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications