സിപിഐയില്‍ അഴിച്ചുപണി നടന്നേയ്‌ക്കും
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനയോഗങ്ങളില്‍ സിപിഐയില്‍ അഴിച്ചുപണി നടത്തണമെന്ന് ആവശ്യമുയര്‍ന്നു.
ഒരു വിഭാഗം നേതാക്കളുടെ ഉയര്‍ന്ന ജീവിതരീതിയും കുറഞ്ഞ ബൗദ്ധിക ശേഷിയുമാണ് ദീര്‍ഘവീക്ഷണത്തോടെയുള്ള തീരുമാനമെടുക്കുന്നതിന് തടസ്സമായതെന്നും ഇത് അണികളില്‍ നിന്നും അകലാന്‍ ഇടയായെന്നുമാണ് സംസ്ഥാ എക്‌സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.
സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നു. ഒടുവില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് എന്നീ ഘടകങ്ങള്‍ പുനസ്സംഘടിപ്പിക്കേണ്ടിവരുമെന്ന സൂചനയാണ് ദേശീയ നേതൃത്വം നല്‍കിയിരിക്കുന്നത്.
സിപിഎമ്മുകാരുടെ ദാര്‍ഷ്ട്യവും നിലപാടുകളും ജനങ്ങളില്‍ നിന്നകലാന്‍ കാരണമായതുപോലെതന്നെ സിപിഐ നേതാക്കളുടെ സമാനരീതിയിലുള്ള പെരുമാറ്റങ്ങള്‍ പരാജയത്തിന് വഴിവെച്ചുവെന്ന് എക്‌സിക്യൂട്ടീവില്‍ വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ സുകുമാരപിള്ള, കെസി പിള്ള എന്നിവരാണ് പ്രധാനമായും വിമര്‍ശനമുയര്‍ത്തിയത്.
ലാവലിന്‍ കേസില്‍ മന്ത്രിസഭാ തീരുമാനം അംഗീകരിക്കാന്‍ തങ്ങളോട് നിര്‍ദ്ദേശിച്ചതില്‍ മന്ത്രിമാരും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പിണറായി വിജയന്റെ അജണ്ട നടപ്പാക്കാന്‍ സിപിആയില്‍ പ്രത്യേക വിഭാഗം വേണ്ടെന്ന് കെ കെ അഷ്‌റഫ് തുറന്നടിച്ചു.
പൊന്നാനിയില്‍ മത്സരിച്ച ഹുസൈന്‍ രണ്ടത്താണിയുമായി ചര്‍ച്ച നടത്താന്‍ കെഇ ഇസ്‌മയിലിനെ ആരാണ് നിയോഗിച്ചതെന്നും യോഗത്തില്‍ ചോദ്യമുയര്‍ന്നു. എക്‌സിക്യൂട്ടീവിലും കൗണ്‍സിലിലും ഉയര്‍ന്ന വിമര്‍ശനങ്ങളുടെ വെളിച്ചത്തില്‍ സ്വയം വിമര്‍ശനത്തിനും തെറ്റ് തിരുത്താനും പാര്‍ട്ടി തയ്യാറാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എബി ബര്‍ദനും വെളിയം ഭാര്‍ഗവനും വ്യക്തമാക്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്‌ച വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിഡിപി ബന്ധം, ലാവലിന്‍ കേസ് എന്നിവയില്‍ സിപിഎമ്മിനെ വെട്ടിലാക്കുന്ന തരത്തിലുള്ള ശക്തമായ നിലപാടുകള്‍ വെളിയം പ്രകടിപ്പിച്ചു.












Click it and Unblock the Notifications