വിഎസ് പക്ഷക്കാര്‍ക്കെതിരെ രാജേഷ്
പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തിനായി ചില പ്രവര്‍ത്തകര്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെന്ന് ആരോപിച്ച് പാലക്കാട്ട് നിന്നും ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട എം.ബി രാജേഷ് സിപിഎം ജില്ലാ നേതൃത്വത്തിന് പരാതി നല്‍കി.
മുന്‍ എംപിയും വി.എസ് പക്ഷക്കാരനുമായ എന്‍.എന്‍ കൃഷ്‌ണദാസ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റിയ്‌ക്കാണ് രാജേഷ് പരാതി നല്‍കിയിരിക്കുന്നത്.
കൃഷ്‌ണദാസിന് പുറമേ പി.എ ഗോകുല്‍ ദാസ്, എ പ്രഭാകരന്‍, എം നാരായണന്‍ തുടങ്ങിയവര്‍ക്കെതിരെയും പാതിയില്‍ ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നാണ് സൂചന. വിഎസ് പക്ഷക്കാരായ ഇവര്‍ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ വിജയത്തിന് വേണ്ടി സജീവമായി രംഗത്തിറിങ്ങിയില്ല എന്നതാണത്രേ പരാതിയിലെ പ്രധാന ആരോപണം.
വിഎസ് പക്ഷ നേതാക്കള്‍ തനിക്കുവേണ്ടി കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് ഭൂരിപക്ഷം കുറയാന്‍കാരണമെന്ന് രാജേഷ് പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടത്രേ.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൃഷ്‌ണദാസ് നേടി ഭൂരിപക്ഷത്തിനും നിയമസഭാ തിരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ വി.എസ് അച്യുതാനന്ദന്‍ നേടിയ വന്‍ ഭൂരിപക്ഷത്തിനും അടുത്തെത്താന്‍ ഇത്തവണ പാര്‍ട്ടിയ്‌ക്ക് കഴിഞ്ഞിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് രാജേഷിന്റെ പരാതി.
അതേസമയം ഇത്തരത്തിലൊരു പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി പി ഉണ്ണി പറയുന്നത്.












Click it and Unblock the Notifications