കമല സുരയ്യയുടെ കബറടക്കം നടത്തി
തിരുവനന്തപുരം: മലയാള സാഹിത്യത്തില്‍ നീര്‍മാതള സുഗന്ധം പരത്തിയ കഥകളുടെ രാജകുമാരി ഇനിയൊരു ഓര്‍മ്മ. സാഹിത്യപ്രേമികളുടെ മുഴുവന്‍ അശ്രുപൂജ ഏറ്റുവാങ്ങി അവര്‍ വിടകൊണ്ടു.
ചൊവ്വാഴ്‌ച രാവിലെ 8.30ന് തിരുവനന്തപുരം പാളയം ജുമാമസ്‌ജിദിലെ കബര്‍സ്ഥാനില്‍ കമലയുടെ മൃതദേഹം കബറടക്കി. പൂക്കളെയും പൂമരങ്ങളെയും പ്രണയിച്ച കഥാകാരിക്ക് പൂമരങ്ങള്‍ നിറഞ്ഞ കബര്‍സ്ഥാനിലാണ് അന്ത്യവിശ്രമസ്ഥലമൊരുക്കിയത്.
പൂനെയില്‍ നിന്നും തിങ്കളാഴ്‌ച രാവിലെ നെടുമ്പാശേരിയില്‍ എത്തിച്ച മൃതദേഹം തൃശൂര്‍, ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനായി വച്ചശേഷം രാത്രി മകന്‍ എംഡി നാലപ്പാട്ടിന്റെ ഭാര്യ ലക്ഷ്‌മിയുടെ വട്ടിയൂര്‍ക്കാവിലുള്ള വസതിയിലേയ്‌ക്ക് കൊണ്ടുപോയി.
ചൊവ്വാഴ്‌ച രാവിലെ പള്ളി ഭാരവാഹികള്‍ എത്തി മൃതദേഹം ഏറ്റുവാങ്ങി പാളയം ജുമാഅത്തില്‍ എത്തിച്ചു. പള്ളിയിലെത്തിച്ച മൃതദേഹം കുളിപ്പിച്ച് കസന്‍ പുടവ അണിയച്ചതിന് ശേഷം മയ്യത്ത് നമസ്‌കാരം നടന്നു. പാളയം ഇമാം ജമാല്‍ മങ്കടയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
ഏപ്രില്‍ എട്ടിനായിരുന്നു ശ്വാസംമുട്ടല്‍ കൂടിയതിനെത്തുടര്‍ന്ന് കമലയെ പുനെയിലെ ജഹാംഗീര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തിലേറെ വെന്റിലേറ്ററിലായിരുന്നു. മെയ് 31ന് ഞായറാഴ്‌ച പുലര്‍ച്ചെ രോഗം മൂര്‍ച്ഛിച്ച് അവര്‍ അന്ത്യശ്വാസം വലിച്ചു.












Click it and Unblock the Notifications