എയര്‍ ഫ്രാന്‍സ് വിമാനം കടലില്‍ തകര്‍ന്നുവീണു
പാരീസ്: എയര്‍ഫ്രാന്‍സ് വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ തകര്‍ന്ന് വീണ് 228 പേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ടതു ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നിന്നും ഫ്രാന്‍സിലെ പാരീസിലേയ്‌ക്കു പറക്കുകയായിരുന്ന എയര്‍ബസ് 330 ആണ്.
പാരീസ് വിമാനത്താവളവുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അപകടം സ്ഥിരീകരിച്ചത്. അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളില്‍ വച്ച് പൊടുന്നനെ റഡാറില്‍ നിന്നും വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. പറന്നുയര്‍ന്ന് നാല് മണിക്കൂര്‍ കഴിയുന്നതിന് മുമ്പായിരുന്നു സംഭവം.
മോശം കാലാവസ്ഥയും ഇടിമിന്നലും വൈദ്യുതി തകരാറുംവരെ അപകടകാരണങ്ങളായി എയര്‍ ഫ്രാന്‍സ് ചൂണ്ടിക്കാണിക്കുന്നു. ഇടിമിന്നലേറ്റ് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതായിട്ടാണ് സംശയം. വിമാനത്തിലുള്ളവരെക്കുറിച്ചൊന്നും വിവരം ലഭിച്ചിട്ടില്ല. 126 പുരുഷന്മാരും 82 സ്‌ത്രീകളും ഏഴ് കുട്ടുകളും ഒരു പിഞ്ചുകുഞ്ഞും 12 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.
വ്യോമസുരക്ഷയ്‌ക്കു പേരുകേട്ടതാണ് എയര്‍ ഫ്രാന്‍സ് വിമാനസര്‍വ്വീസ്. 2000ത്തിന് ശേഷം ഇത് മൂന്നാം തവണയാണ് എയര്‍ ഫ്രാന്‍സ് വിമാനം അപകടത്തില്‍പ്പെടുന്നത്. വിമാനത്തിനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
തകര്‍ന്ന വിമാനത്തില്‍ ബ്രസീല്‍ രാജകുടുംബാംഗവും യാത്രചെയ്‌തിരുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പെഡ്രോ ലുയി ഡി ഒര്‍ലന്‍സ് രാജകുമാരന്‍(26) വിമാനത്തിലുണ്ടിയിരുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 1889ല്‍ ബ്രസീലിലെ അവസാനത്തെ രാജാവായിരുന്ന പീറ്റര്‍ രണ്ടാമന്റെ പിന്തുടര്‍ച്ചാവകാശിയാണ് ഇദ്ദേഹം.












Click it and Unblock the Notifications