മുംബൈ ഭീകരാക്രമണക്കേസ് പ്രതി സയിദിന് മോചനം
ദില്ലി/ഇസ്ലാമബാദ് : തീവ്രവാദം നേരിടുന്നതില്‍ പാകിസ്‌താന് ആത്മാര്‍ത്ഥയില്ലെന്ന് ഇന്ത്യ ആരോപിച്ചു.
മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ജമാഅത്ത്‌ഉദ്‌ദവ നേതാവ് ഹാഫിസ് മുഹമ്മദ് സയ്യിദിനെ വിട്ടയച്ച ലഹോര്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രി പി ചിദംബരവും വിദേശാകാര്യ മന്ത്രി എസ്‌എം കൃഷ്‌ണയും ഇങ്ങനെ അഭിപ്രായപ്പെട്ടത്.
തീവ്രവാദം നേരിടാന്‍ പാകിസ്‌താന്‍ കാട്ടുന്ന ഗൗരവമില്ലായ്‌മയാണ് ഈ സംഭവം സൂചിപ്പിയ്‌ക്കുന്നത് -ചിദംബരം പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രകരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരുന്നതില്‍ പാകിസ്‌താന്റെ ആത്മാര്‍ത്ഥയില്ലായ്‌മ ഇന്ത്യയെ അസന്തുഷ്ടരാക്കുന്നു. എന്നാല്‍ ഇതൊന്നും ഇന്ത്യയുടെ മുംബൈ ആക്രമണാന്വേഷണത്തെ ബാധിയ്‌ക്കില്ലെന്നും അദ്ദേഹം വ്യക്‌മാക്കി.
അതേ സമയം ലാഹോര്‍ നടപടിയിലുള്ള ഇന്ത്യയുടെ പ്രതിഷേധം അസ്ഥാനത്താണെന്ന് പാക്കിസ്ഥാന്‍ അധികൃതര്‍ പറഞ്ഞു. മുംബൈ ആക്രമണത്തെക്കുറിച്ചുള്ള ആക്രമണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും പാക്കിസ്ഥാന്‍ വിദേശകാര്യവക്താവ് അബ്‌ദുള്‍ ബാസിത് പറഞ്ഞു. ഹാഫിസ് മുഹമ്മദിനെ മോചിപ്പിച്ചത് കോടതിയാണെന്നും ഇതിനെ വിമര്‍ശിയ്‌ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയവും അന്തര്‍ദേശീയവുമായ നിയമനിര്‍വ്വഹണത്തെക്കുറിച്ച് പാക്കിസ്ഥാന് ബോധ്യമുണ്ട്. മുംബൈ ആക്രമണത്തെ സംബന്ധിച്ചുള്ള തങ്ങളുടെ അന്വേഷണം ആത്മാര്‍ത്ഥതയുള്ളതാണ്. എന്നാല്‍ കോടതി വ്യവഹാരങ്ങളെ നിയന്ത്രിയ്‌ക്കാന്‍ പരിഷ്‌കൃത സമൂഹത്തില്‍ സര്‍ക്കാരിന് സാധിയ്‌ക്കില്ല. ബാസിത് വിശദീകരിച്ചു.
ഹാഫിസ് മുഹമ്മദ് സയ്യിദിനെ വിട്ടയച്ച ലഹോര്‍ ഹൈക്കോടതിയുടെ നടപടിയെ ഇന്ത്യ വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് പാക് പ്രതികരണം.












Click it and Unblock the Notifications