ഗോള്‍ഫ് ക്ലബ് ബാര്‍ ലൈസന്‍സ് റദ്ദാക്കും
തിരുവനന്തപുരം : ഗോള്‍ഫ് ക്ലബ്ബിന്റെ ബാര്‍ ലൈസന്‍സ് പുതുക്കി നല്കിയ നടപടി റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ബുധനാഴ്‌ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
ലൈസന്‍സ് പുതുക്കി നല്കിയ നടപടി എക്‌സൈസ് വകുപ്പ് റദ്ദാക്കണമെന്ന് മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു. സിപിഐയുടെ നിയമസഭ കക്ഷി നേതാവും ഭക്ഷ്യമന്ത്രിയുമായ സി ദിവാകരനാണ് പ്രശ്‌നം മന്ത്രിസഭയില്‍ ഉന്നയിച്ചത്.
സര്‍ക്കാരും ഗോള്‍ഫ് ക്ലബ്ബും തമ്മില്‍ കേസ് നടക്കുന്നതിനാല്‍ ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് കത്ത് നല്‍കിയിട്ടും ലൈസന്‍സ് പുതുക്കിയ നടപടി റദ്ദാക്കണമെന്ന് റവന്യു മന്ത്രി കെ പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. മന്ത്രിസഭയിലെ മറ്റു രണ്ടു സിപിഐ മന്ത്രിമാരും ഇതിനെ പിന്തുണച്ചു. എക്‌സൈസ് വകുപ്പിന്റെ നടപടി തെറ്റാണെന്ന് സമ്മതിച്ച എക്‌സൈസ് മന്ത്രി പികെ ഗുരുദാസന്‍ ലൈസന്‍സ് റദ്ദു ചെയ്യുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിയ്‌ക്കുമെന്നും അറിയിച്ചു.
ബാര്‍ ലൈസന്‍സ് പുതുക്കി നല്‌കുന്നതിന് ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കം പരിശോധിയ്‌ക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സ്‌മാര്‍ട്‌സിറ്റി പദ്ധതിയില്‍ പന്ത്രണ്ട് ശതമാനം ഭൂമിയില്‍ സ്വതന്ത്രാവകാശം വേണമെന്ന ടീകോമിന്റെ ആവശ്യം മന്ത്രിസഭയോഗത്തില്‍ ചര്‍ച്ച ചെയ്‌തില്ല. ടീകോമിന്റെ ആവശ്യങ്ങളും സംബന്ധിച്ച് മന്ത്രിമാര്‍ക്ക് വിശദമായ കുറിപ്പ് നല്‍കിയ ശേഷം അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം ടീകോം അധികൃതര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടികള്‍ ഉണ്ടാകാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു.
കാസര്‍കോഡ്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, ആലപ്പുഴ എന്നീ അഞ്ച് ജില്ലകളിലെ കളക്‌ടര്‍മാരെ സ്ഥലം മാറ്റാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇത് കൂടാതെ കെ ജയകുമാറിനെ ആഭ്യന്തരസെക്രട്ടറിയായി നിയമിക്കുകയും ചെയ്‌തു.












Click it and Unblock the Notifications