വിഎസ് ഹിംസ്രജന്തുവാണെന്ന് അഴീക്കോട്
തൃശൂര്‍: മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ നല്‍കിയ അഭിമുഖത്തില്‍ തന്നെ കടന്നാക്രമിച്ച അഴീക്കോടിനെ സംസ്‌കാരശൂന്യനെന്ന് പരോക്ഷമായി വിശേഷിപ്പ് നിമിഷങ്ങള്‍ക്കുള്ളില്‍ വിഎസിനെതിരെ വീണ്ടും സുകുമാര്‍ അഴീക്കോട്.
എതിര്‍ക്കുന്നവരെ പല്ലും നഖവും ഉപയോഗിച്ച് നേരിടുന്ന ഹിംസ്രജന്തുവിനെപ്പോലെയാണ് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ എന്നാണ് അഴീക്കോടിന്റെ പുതിയ അഭിപ്രായം.
അഴീക്കോട് തന്നെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാന്‍ തന്റെ സംസ്‌കാരമനുസരിച്ച് വാക്കുകളില്ലെന്നായിരുന്നു മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിഎസ് പറഞ്ഞത്. ഇതിന് മറുപടിയുമായിട്ടാണ് അഴീക്കോട് വീണ്ടും രംഗത്തെത്തിയത്.
ബാലിശമായ അസംബംന്ധം പറയുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. ഞാന്‍ സംസ്‌കാരമില്ലാത്തവനാണെങ്കില്‍ വിഎസിന്റെ പുസ്‌തകത്തില്‍ നിന്നും എന്റെ അവതാരിക എടുത്തുമാറ്റണം. ഇല്ലെങ്കില്‍ അത് എനിക്ക് അപമാനമാവും- അഴീക്കോട് പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ തോല്‍വി വ്യക്തമായിക്കഴിഞ്ഞ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തുറന്ന ചിരിയുമായി വിഎസ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത് പാര്‍ട്ടിയിലും സംസ്ഥാനത്ത് മുഴുവനും സംസാരവിഷയമായിരുന്നു.
വിഎസിന്റെ ചിരി വഞ്ചനയുടേതാണെന്നായിരുന്നു ആദ്യം തന്നെ അഴീക്കോട് പ്രതികരിച്ചത്. അത് അശ്ലീലച്ചിരിയാണെന്നും കിടക്കുന്നിടത്ത് വിസര്‍ജിക്കുന്ന ജീവിയെപ്പോലെയാണ് വിഎസ് എന്നുമൊക്കെ അഴീക്കോട് വിമര്‍ശിച്ചിരുന്നു.
എന്തായാലും ഏതാണ്ട് അടങ്ങിത്തുടങ്ങുകയായിരുന്ന വിഎസിന്റെ ചിരി വിവാദം വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണെന്ന സൂചനയാണ് ഈ വാദപ്രതിവാദങ്ങള്‍ നല്‍കുന്നത്. കൂടുതല്‍ നേതാക്കള്‍ ഇതില്‍ പങ്കുചേരുകകൂടിച്ചെയ്‌താല്‍ ഇനി ആരാവും കരയേണ്ടിവരുകയെന്നും ആരാവും ചിരിക്കേണ്ടിവരുകയെന്നും കണ്ടുതന്നെ അറിയാം.












Click it and Unblock the Notifications