വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ലഭിച്ചേക്കില്ല
പാരിസ്: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നു വീണ എയര്‍ഫ്രാന്‍സ് വിമാനത്തിന്റെ കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി. 90 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നാണ് വിമാനത്തിന്റെ പലഭാഗങ്ങളും കണ്ടെടുത്തിരിയ്‌ക്കുന്നത്.
ഇത് വിമാനം ആകാശത്തു വെച്ച് തന്നെ പലഭാഗങ്ങളായി ചിതറിത്തെറിച്ചുവെന്ന സംശയത്തെ ബലപ്പെടുത്തുന്നതായി ബ്രസീല്‍ പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു. ഇതിനിടെ
്‌വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തുന്നതിനായി ബ്രസീല്‍ നേവിയുടെ ആദ്യകപ്പല്‍ മേഖലയിലെത്തിയിട്ടുണ്ട്. വിമാനം തകര്‍ന്ന് വീണുവെന്ന് കരുതുന്ന ഫെര്‍നാന്‍ഡോ ഡെ നെറോന്യെ ദ്വീപിനു സമീപമാണ് ബ്രസീലിയന്‍ നേവി കപ്പല്‍ എത്തിയിരിക്കുന്നത്.
അതേ സമയം തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ഉള്‍പ്പെടെയുള്ള വസ്‌തുക്കള്‍ ലഭിക്കാന്‍ ഇടയില്ലെന്നാണ് ഫ്രഞ്ച് ഏവിയേഷന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കരയില്‍ നിന്ന് 500 മൈല്‍ അകലെ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ 6000 മീറ്റര്‍ ആഴത്തിലായിരിക്കും അവശിഷ്‌ടങ്ങള്‍ അടിഞ്ഞിരിക്കുകയെന്നും ഇവ വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും ഇവര്‍ പറയുന്നു.
വ്യോമമാര്‍ഗമുള്ള തിരച്ചിലില്‍ ഇതു വരെ മൃതദേഹങ്ങളൊന്നും കണ്ടെടുത്തിട്ടില്ല. റിയോഡി ജനീറോയില്‍ നിന്നു 228 പേരുമായി പാരീസിലേക്ക് പോയ എയര്‍ ഫ്രാന്‍സ് വിമാനമാണ് തിങ്കളാഴ്‌ച കടലില്‍ തകര്‍ന്നു വീണത്.
ഇടമിന്നലോ കൊടുങ്കാറ്റോ ആണോ കാരണം എന്നതിനെച്ചൊല്ലി വിദഗ്‌ധര്‍ തര്‍ക്കത്തിലാണ്. അതേ സമയം എന്തെങ്കിലും സാങ്കേതിക തകരാറുകളോ അല്ലെങ്കില്‍ ഭീകരാക്രമണം ഉണ്ടാകാനുള്ള സാധ്യതയോ അധികൃതര്‍ തള്ളിക്കളഞ്ഞിട്ടില്ല. 2001ന് ശേഷം ലോകത്തുണ്ടായ ഏറ്റവും വലിയ വിമാനദുരന്തമാണിത്.












Click it and Unblock the Notifications