സൗദിയില്‍ പന്നിപ്പനി സ്ഥിരീകരിച്ചു
റിയാദ്: സൗദി അറേബ്യയിലും പന്നിപ്പനി ബാധ സ്ഥിരീകരിച്ചു. സൗദി ആരോഗ്യവകുപ്പുമന്ത്രി ഡോക്ടര്‍ അബ്ദുള്ള റബീയാണ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാജ്യത്ത് പന്നിപ്പനി ബാധയുണ്ടെന്നകാര്യം സ്ഥിരീകരിച്ചത്.
റിയാദ് കിങ് ഫൈസല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഒരു നഴ്‌സിനാണ് പന്നിപ്പനി ബാധ കണ്ടെത്തിയത്. നാല്‍പ്പത് പിന്നിട്ട ഇവര്‍ ഫിലിപ്പീന്‍ സ്വദേശിയാണെന്ന് മന്ത്രി പറഞ്ഞു.
മൂന്നു ദിവസം മുമ്പാണത്രേ ഇവര്‍ അവധി കഴിഞ്ഞ് മനിലയില്‍ നിന്നും ബഹ്‌റൈന്‍ മാര്‍ഗം റിയാദില്‍ തിരിച്ചെത്തിയത്. തിങ്കളാഴ്‌ചയോടെയാണ് ഇവരില്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ടത്.
ഇവരില്‍ എച്ച്1എന്‍1 വൈറസ് ബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവര്‍ക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ച യാത്രക്കാരെക്കൂടി പരിശോധനയ്‌ക്കും നിരീക്ഷണങ്ങള്‍ക്കും വിധേയരാക്കിവരുകയാണ്.
ഇന്ത്യയില്‍ ഹൈദരാബാദിലും കോയമ്പത്തൂരിലും പന്നിപ്പനി ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് നിലവില്‍ 62 രാജ്യങ്ങളിലായി മൊത്തം 17,410പേര്‍ക്ക് പന്നിപ്പനി ബാധയുണ്ട്.
രോഗം മൂലം ഇതുവെര 115 പേര്‍ മരിച്ചുവെന്നാണ് കണക്ക്. കുവൈത്തില്‍ പതിനെട്ടോളം യുഎസ് ഭടന്മാരില്‍ പന്നിപ്പനി ബാധയുള്ളതായി മെയ് മാസത്തില്‍ സ്ഥിരീകരിച്ചിരുന്നു.












Click it and Unblock the Notifications