ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത അടിസ്ഥാനരഹിതം: സിബിഐ
കൊച്ചി: ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകര പ്രസാദിന്റെയും ഒരു ഉന്നത സിപിഎം നേതാവിന്റെയും ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സിബിഐ അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ക്കുള്ള മറുപടി മാത്രമാണ് നല്‍കിയിട്ടുള്ളത്. സിപിഎം നേതാവിന്റെയെന്നല്ല, രാജ്യത്തിന്റെ ഏത് പൗരന്റെയും ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തണമെങ്കിലും കേന്ദ്ര സംസ്ഥാന ആഭ്യന്തരമന്ത്രാലങ്ങളുടെ അനുമതി വേണം. ഈ ദിശയിലുള്ള നീക്കമൊന്നും ഉണ്ടായിട്ടില്ല. ഇതിന് പുറമെ ക്യാബിനറ്റ് സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവര്‍ പരിശോധനാവിധേയമാക്കാത്തതുമായ ടെലിഫോണ്‍ സംഭാഷണങ്ങള്‍ തെളിവായി കോടതി സ്വീകരിക്കുകയുമില്ലെന്നും സിബിഐ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
മന്ത്രിസഭയ്‌ക്ക് ഏജി നല്‍കിയ നിയമോപദേശം നിയമ നടപടി നേരിടുന്ന പിണറായി വിജയന് അനുകൂലമാക്കുന്നതിനായി സിപിഎമ്മിലെ ഉന്നതര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വാര്‍ത്തയാണ് വിവാദമായത്.
എജിയും സിപിഎം നേതാവും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയെന്നും അത് ഗവര്‍ണര്‍ക്ക് നല്‍കിയെന്നും വാര്‍ത്ത പുറത്ത് വന്ന സാഹചര്യത്തിലാണ് സി.ബി.ഐ കേന്ദ്രങ്ങള്‍ ഇക്കാര്യം നിഷേധിയ്‌ക്കുന്നത്. മലയാള മനോരമയും മാതൃഭൂമിയുമാണ് കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വാര്‍ത്ത നല്‌കിയിരുന്നത്. ടെലിഫോണ്‍ സംഭാഷണങ്ങള്‍ ഗവര്‍ണര്‍ പരിശോധിച്ചുവരികയാണെന്നും ഇവരുടെ റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.
ഇതിനെതിരെ സിപിഎം മുഖപത്രമായ ദേശാഭിമാനി സിബിഐയ്‌ക്കും ഈ പത്രങ്ങള്‍ക്കെതിരെയും മുഖപ്രസംഗം എഴുതിയിരുന്നു. ഇക്കാര്യം കൂടുതല്‍ വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി സിബിഐ അധികൃതര്‍ രംഗത്തെത്തയിരിക്കുന്നത്.












Click it and Unblock the Notifications