അഴീക്കോടിന്റെ വീടിന് പോലീസ് കാവല്‍
തൃശൂര്‍: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തില്‍ ഡോ സുകുമാര്‍ അഴീക്കോടിന്റെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
വ്യാഴാഴ്‌ച വൈകിട്ട് മുതലാണ് രണ്ടു പോലീസുകാരെ കാവലിനു നിര്‍ത്തിയത്. രാത്രി പ്രദേശത്ത് പ്രത്യേക പട്രോളിങും ഏര്‍പ്പെടുത്തി.
മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെക്കുറിച്ച് മോശമായ പരാമര്‍ശം നടത്തിയതിനെതുടര്‍ന്ന് സുകുമാര്‍ അഴീക്കോട് താമസിക്കുന്ന ഇരവിമംഗലത്തുള്ള വീടിന്റെ പരിസരത്തും ഒല്ലൂര്‍ മേഖലയിലും പോസ്റ്ററുകളും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു. കൂടാതെ അഴീക്കോടിന്റെ കോലം കത്തിച്ച സംഭവവുമുണ്ടായി. ഇതാണ് പോലീസ് കാവല്‍ ഏര്‍പ്പെടുത്താന്‍ കാരണം.
വിഎസിനെ കൂട്ടില്‍ വിസര്‍ജ്ജിയ്‌ക്കുന്ന പട്ടിയായി അഴീക്കോട് വിശേഷിപ്പിച്ചുവെന്നാണ് പ്രതിഷേധക്കാര്‍ ആരോപിയ്‌ക്കുന്നത്. എന്നാല്‍ പക്ഷിയാണെന്നാണ് താന്‍ ആലങ്കാരികമായി പറഞ്ഞതെന്നും അത് വിഎസിന് മനസിലായില്ലെന്നും അഴീക്കോട് പിന്നീട് വിശദീകരിച്ചു. എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ പ്രതികരണം അര്‍ഹിയ്‌ക്കുന്നില്ല എന്നായിരുന്നു വിഎസിന്റെ പ്രതികരണം.
സ്‌പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം പോലീസ് സംരക്ഷണം താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നു അഴീക്കോട് പറഞ്ഞു.












Click it and Unblock the Notifications