വിദേശജന്മം: സോണിയയോട് സാങ്‌മ മാപ്പ് പറഞ്ഞു
ദില്ലി: പത്തുവര്‍ഷം മുമ്പ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്‌ക്കെതിരെ വിദേശജന്മ പ്രശ്‌നം ഉന്നയിച്ചതില്‍ എന്‍സിപി നേതാവ് പിഎ സാങ്‌മ മാപ്പു പറഞ്ഞു.
രണ്ട് ദിവസം മുമ്പ് ജന്‍പഥ് പത്താം നമ്പര്‍ വീട്ടിലെത്തി സോണിയയെ സന്ദര്‍ശിച്ച താന്‍ പത്തുവര്‍ഷം മുമ്പ് സംഭവിച്ച് ഈ തെറ്റിന് മാപ്പു പറഞ്ഞുവെന്ന് സാങ്‌മ തന്നെയാണ് വെള്ളിയാഴ്‌ച വ്യക്തമാക്കിയത്. അന്ന് അങ്ങനെയൊരു പ്രശ്‌നമുണ്ടാക്കിയതില്‍ ഇപ്പോള്‍ ദുഖം തോന്നുന്നുണ്ടെന്നും സാങ്‌മ ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വളരെ സ്‌നേഹത്തോടെയാണ് സോണിയ എന്നെ സ്വീകരിച്ചത്. കഴിഞ്ഞത് കഴിഞ്ഞു ഇനി എല്ലാം മറക്കുക എന്ന് ഉപദേശിക്കുകയും ചെയ്‌തു. വിദേശജന്മ പ്രശ്‌നം ഇനി അടഞ്ഞ അധ്യായമാണ്-സാങ്‌മ വ്യക്തമാക്കി.
സാങ്‌മയുടെ മൂത്ത മകന്റെ വിവാഹത്തിന് ക്ഷണിക്കാനാണ് സാങ്‌മയും കേന്ദ്ര ഗ്രാമവികസനസഹമന്ത്രി കൂടിയായ അഗത സാങ്‌മയും രണ്ട് ദിവസം മുമ്പ് സോണിയയെ സന്ദര്‍ശിച്ചത്. പത്തുവര്‍ഷം മുമ്പ് സോണിയയുടെ വിദേശജന്മ പ്രശ്‌നം ഉന്നയിച്ച് കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് ശരത് പവാര്‍, താരിഖ് അന്‍വര്‍ എന്നിവരോടൊപ്പം പാര്‍ട്ടി വിട്ട് എന്‍സിപി രൂപീകരിച്ച സാങ്‌മ നീണ്ട ഇടവേളയ്‌ക്കുശേഷമാണ് സോണിയയെ അവരുടെ വസതിയിലെത്തി സന്ദര്‍ശിക്കുന്നത്.
രണ്ട് മാസം മുമ്പ് മേഘാലയയില്‍ എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാമെന്ന അഭ്യര്‍ത്ഥന തള്ളി പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ കോണ്‍ഗ്രസ് ഒറ്റയ്‌ക്ക് സര്‍ക്കാര്‍ രൂപീകരിച്ചതിനെത്തുടര്‍ന്ന് സാങ്‌മ പ്രതിഷേധത്തിലായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിനെതിരെ പരസ്യമായി നിലപാട് സ്വീകരിച്ച സാങ്‌മ ബിജെപിയുമായി വേദികള്‍ പങ്കിടുകയും യുപിഎയ്‌ക്ക് പിന്തുണ നല്‍കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍ കോണ്‍ഗ്രസ് വിജയം ആവര്‍ത്തിക്കുകയും തന്റെ മകള്‍ അഗതയെ കേന്ദ്രമന്ത്രിസഭയില്‍ അംഗമാക്കുകയും ചെയ്‌തതോടെ സാങ്‌മയുടെ പ്രതിഷേധമെല്ലാം ഇല്ലാതായി. ഇപ്പോള്‍ കോണ്‍ഗ്രസിലേയ്‌ക്ക് തന്നെ തിരിച്ചുപോയാലെന്തെന്ന് സാങ്‌മ ആലോചിക്കുന്നുണ്ടെന്നും സൂചനയുണ്ട്.


Click it and Unblock the Notifications