പൊലീസ് മാന്യമായി പെരുമാറണം: കോടിയേരി
കൊച്ചി: പൊതുജനങ്ങളോട് പൊലീസുകാര്‍ മാന്യമായി പെരുമാറുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് ഉന്നത ഉദ്യോഗസ്ഥരാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.
കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത പൊലീസ് ഉദ്യോഗസ്ഥരുടെ മേഖലാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പൊലീസ് സേനയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മേഖലായോഗങ്ങള്‍ വിളിച്ചുചേര്‍ത്തിരിക്കുന്നത്.
പൊലീസ് സേനയിലെ ചിലരുടെ മോശമായ പെരുമാറ്റം എല്ലാവര്‍ക്കും ചീത്തപ്പേരുണ്ടാക്കുന്നുണ്ട്. ഇത് വച്ചു പൊറുപ്പിക്കാന്‍ കഴിയില്ല. തിങ്കളാഴ്‌ചകളില്‍ എല്ലാ എസ്‌പിമാരും ജില്ലകളിലെ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കണം- കോടിയേരി നിര്‍ദ്ദേശിച്ചു.
സ്‌ത്രീകളുടെ പരാതികള്‍ക്കായി വനിതാ ഹെല്‍പ് ലൈന്‍ പദ്ധതി തുടങ്ങുമെന്നും വാഹന പരിശോധന ഖജനാവ് നിറയ്‌ക്കാനുള്ളതല്ലെന്നും പറഞ്ഞ കോടിയേരി പൊലീസിന് ജനങ്ങളെ അടക്കിഭരിക്കാന്‍ അവകാശമില്ലെന്നും വ്യക്തമാക്കി.
നിയമത്തിന്റെ പരിധിവിട്ട് ഒറ്റയാളും അധികാരത്തില്‍ വിഹരിക്കുന്നില്ലെന്ന് ഉറപ്പാക്കണം. നിയമം കര്‍ശനമായി നടപ്പാക്കുന്നതിനൊപ്പം നല്ല രീതിയിലുള്ള ഉടപെടലും വേണം.
പൊലീസ് വകുപ്പിന് അവമതിയുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കരുത്. അറിയപ്പെടുന്ന പല റൗഡികള്‍ക്കും പൊലീസ് സ്റ്റേഷനുകളില്‍ സ്വസ്ഥമായി കയറിയിറങ്ങാം. എന്നാല്‍ സാധാരണക്കാര്‍ക്ക് പലപ്പോഴും ഇതിന് കഴിയുന്നില്ല. ഈ സ്ഥിതിയുണ്ടാകരുത്- കോടയേരി പറഞ്ഞു.












Click it and Unblock the Notifications