കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ്‌ വിളിച്ചെന്ന്‌ അഴീക്കോട്‌, ഇല്ലെന്ന്‌ വിഎസ്‌

  • By Staff
Google Oneindia Malayalam News

തൃശൂര്‍: തിരുവനന്തപുരം രണ്ടു ദിവസമായി ഇരുവരും തമ്മില്‍ഉണ്ടായ വാക്‌പ്രയോഗങ്ങളെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതിനായി മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ തന്നെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചെന്ന്‌ സുകുമാര്‍ അഴീക്കോട്‌. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ ശരിയല്ലെന്നും താന്‍ അഴീക്കോടിനെ വിളിച്ചിട്ടില്ലെന്നും വിഎസ്‌.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരും അഴീക്കോടിനെ വിളിച്ചിട്ടില്ലെന്ന്‌ ഓഫീസും വ്യക്തമാക്കിയിട്ടുണ്ട്‌. വിഎസിന്റെ പ്രതികരണം വന്നതിനെത്തുടര്‍ന്ന്‌ ആള്‍മാറാട്ടം നടന്നിട്ടുണ്ടെങ്കില്‍ പൊലീസ്‌ അന്വേഷണം വേണമെന്ന്‌ അഴീക്കോട്‌ ആവശ്യപ്പെട്ടു.

അഴീക്കോട്‌ പറയുന്നത്‌ വച്ച്‌ നോക്കുമ്പോള്‍ സംഭവം ഇങ്ങനെ. വെള്ളിയാഴ്‌ച രാവിലെ പതിനൊന്നരയോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കോള്‍ വരുന്നു കോള്‍ മുഖ്യമന്ത്രിയ്‌ക്ക്‌ കണക്ട്‌ ചെയ്യാമെന്ന്‌ പറയുന്നു. പിന്നെ സംസാരിക്കുന്നയാള്‍ പരിചയപ്പെടുത്തിയത്‌ വിഎസ്‌ ആണെന്നാണ്‌.

നമ്മള്‍തമ്മിലുള്ള വാദപ്രതിവാദം ആവശ്യമില്ലാത്തതായിരുന്നു. പലതും ഒഴിവാക്കാമായിരുന്നു- വിഎസ്‌ എന്ന്‌ പറഞ്ഞുകൊണ്ട്‌ സംസാരിച്ചു തുടങ്ങിയ ആള്‍ പറഞ്ഞു. ഇതിന്‌ മറുപടിയായി അഴീക്കോട്‌ പറഞ്ഞത്‌ ഇങ്ങനെ- താങ്കളുടെ മഹാമനസ്‌കതയെ ആദരിക്കുന്നു. ഒന്നും വ്യക്തിപരമായി വേദനിപ്പിക്കാന്‍ പറഞ്ഞതല്ല.

ഫോണ്‍ സംഭാഷണം നിര്‍ത്തുന്നതിന്‌ മുമ്പ്‌ ജേക്കബ്‌ വടക്കുംചേരിയുടെ ധര്‍ണ അക്രമത്തില്‍ കലാശിച്ച വിവരം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കോടിയേരിയോട്‌ പറയാം എന്ന്‌ വിഎസ്‌ മറുപടി നല്‍കിയത്രേ. വളരെ ചുരുങ്ങിയ വാക്കുകളില്‍ വിഎസിന്റെ അതേ ശൈലിയിലായിരുന്നു സംഭാഷണം അതുകൊണ്ട്‌ തനിക്കൊരു സംശയവും തോന്നിയില്ലെന്നാണ്‌ അഴീക്കോട്‌ പറയുന്നത്‌.

പിന്നീട്‌ അഴീക്കോട്‌ ജേക്കബ്‌ വടക്കുഞ്ചേരിയെ വിളിച്ച്‌ മുഖ്യമന്ത്രിയോട്‌ പ്രശ്‌നം പറഞ്ഞിട്ടുള്ള വിവരം അറിയിച്ചു. ദില്ലിയില്‍ നിന്നും പി രാജീവും മന്ത്രി കോടിയേരിയുമാണ്‌ പിന്നെ അഴീക്കോടിനെ വിളിച്ചത്‌. ഫോണ്‍ സംഭാഷണത്തിലൂടെ താനും വിഎസും തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിച്ചകാര്യം അഴീക്കോട്‌ രണ്ടുപേരെയും ധരിപ്പിച്ചു.

ഇത്‌ മാധ്യമങ്ങളെക്കൂടി അറിയിക്കണമെന്ന്‌ കോടിയേരി നിര്‍ദ്ദേശിച്ചു. അതു നന്നായിരിക്കുമെന്ന്‌ കരുതി അഴീക്കോട്‌ ഫോണ്‍ സംഭാഷണത്തെക്കുറിച്ച്‌ ചെറിയ ഒരു കുറിപ്പെഴുതി മാധ്യമങ്ങള്‍ക്ക്‌ നല്‍കാനായി ഏല്‍പ്പിച്ചു. വീട്ടില്‍ കാവലിന്‌ നിര്‍ത്തിയിരിക്കുന്ന പൊലീസുകാരെയും വിവരം അറിയിച്ചു.

വൈകീട്ട്‌ മൂന്നുമണിയോടെ അഴീക്കോടിന്റെ കുറിപ്പ്‌ മാധ്യമങ്ങള്‍ക്ക്‌ കിട്ടി ചാനലുകളിലെല്ലാം വിഎസ്‌ അഴീക്കോടിനെ വിളിച്ചുവെന്നും വിവാദം അവസാനിച്ചുവെന്നും ഫ്‌ളാഷ്‌ ന്യൂസ്‌ വന്നു. ഇതുകണ്ട്‌ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. എന്നാല്‍ ഓഫീസ്‌ ഫോണ്‍ വാര്‍ത്ത നിഷേധിക്കുകയായിരുന്നു.

ഇതിനിടെ കോട്ടയത്ത്‌ ഒരു ചടങ്ങിനെത്തിയ വിഎസിനെത്തേടി മാധ്യമപ്രവര്‍ത്തകര്‍ എത്തി. കാര്യം ചോദിച്ചപ്പോള്‍ ഞാന്‍ ആരെയും വിളിച്ചിട്ടില്ല. എന്നെയും ആരും വിളിച്ചിട്ടില്ല എന്നായിരുന്നു മറുപടി. പ്രശ്‌നം അവസാനിച്ചെന്ന്‌ അഴീക്കോട്‌ പറഞ്ഞല്ലോ എന്ന്‌ ചോദിച്ചപ്പോള്‍ എങ്കില്‍ സന്തോഷം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്‌.

വിഎസ്‌ ഫോണ്‍വാര്‍ത്ത നിഷേധിച്ചകാര്യമറിഞ്ഞപ്പോള്‍ വിഎസ്‌ അല്ല വിളിച്ചതെങ്കില്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല എന്നായിരുന്നു അഴീക്കോടിന്റെ പ്രതികരണം. ഇത്‌ തങ്ങളെ രണ്ടുപേരെയും വിഡ്‌ഢികളാക്കാന്‍ ആരോ നടത്തിയ കളിയാണെന്നും അതിനെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നും അഴീക്കോട്‌ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ചിരിയ്‌ക്കെതിരെ അഴീക്കോട്‌ നടത്തിയ പരാമര്‍ശങ്ങളാണ്‌ ഇരുവരും തമ്മിലുള്ള വാഗ്വാദനത്തിന്‌ തുടക്കമിട്ടത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X