ഗവര്‍ണറുടെ തീരുമാനം ദൗര്‍ഭാഗ്യകരം: പിബി
ദില്ലി : സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായ ലാവലിന്‍ അഴിമതി കേസിനെ രാഷ്‌ട്രീയപരമായും നിയമപരമായും നേരിടാന്‍ അവൈലബിള്‍ പോളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചു.
പിണറായി വിജയനെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ചേര്‍ന്ന അവയിലബിള്‍ പി.ബിയാണ് കേസിനെ നേരിടാന്‍ തീരുമാനിച്ചത്. രാവിലെ 10.20 ഓടെ തുടങ്ങിയ പിബി യോഗം മുക്കാല്‍ മണിക്കൂറോളം നീണ്ടു.
കേസ് രാഷ്‌ട്രീയപ്രേരിതമാണെന്ന മുന്‍നിലപാടില്‍ ഉറച്ച് നില്‍ക്കാനും പിബി തീരുമാനിച്ചിട്ടുണ്ട്. കേസില്‍ മന്ത്രിസഭാ തീരുമാനം മറികടന്ന് പിണറായി വിജയനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണര്‍ ആര്‍ എസ് ഗവായിയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും പിബി വിലയിരുത്തി. ഗവര്‍ണറുടെ നടപടി രാഷ്‌ട്രീയപ്രേരിതമാണെന്ന് എംകെ പാന്ഥെയും വൃന്ദാ കാരാട്ടുമടക്കമുള്ള നേതാക്കള്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ദില്ലിയിലെ എകെജി ഭവനില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സീതാറാംയെച്ചൂരി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തിരുന്നില്ല. നാല് പിബി അംഗങ്ങള്‍ മാത്രമാണ് യോഗത്തില്‍ സംബന്ധിച്ചത്. എസ് രാമചന്ദ്രപിള്ള, കെ വരദരാജന്‍, എംകെ പാന്ഥെ, വ്യന്ദ കാരാട്ട് തുടങ്ങിയവര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്.












Click it and Unblock the Notifications