വിമാനപകടം: 17 മൃതദേഹങ്ങള്‍ ലഭിച്ചു
സാവോപോളോ: എയര്‍ഫ്രാന്‍സ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട 17 യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ബ്രസീലിയന്‍ വ്യോമസേനാ വക്താവ് അറിയിച്ചു. ബ്രസീലിയന്‍ സംഘത്തിന്റെ തിരച്ചിലില്‍ ഒന്‍പതും ഫ്രഞ്ച് സംഘത്തിന്റെ തിരച്ചിലില്‍ എട്ട് മൃതദേഹങ്ങളുമാണ് ലഭിച്ചതെന്ന് ബ്രസീലിയന്‍ വ്യോമസേനാ വക്താവ് ഹെന്റി മുന്‍ഹോസ് റെസൈഫ് സിറ്റിയില്‍ അറിയിച്ചു. ഇതില്‍ നാലു സ്‌ത്രീകളുടെയും പുരുഷന്‍മാരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
രണ്ടുപേരുടെ മൃതദേഹങ്ങളും വിമാനടിക്കറ്റും ബ്രീഫ്‌കേസും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ബ്രസീല്‍ തീരത്തുനിന്നും 1200 കിലോമീറ്റര്‍ അകലെയായി സമുദ്രത്തില്‍ നൂറോളം വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിന് മുന്‍ഗണന നല്‍കിയതിനാല്‍ ഇവ പരിശോധിച്ചിട്ടില്ല.
റിയോ ഡി ജനീറോയില്‍നിന്നു പാരിസിലേക്ക് 228 പേരുമായി പുറപ്പെട്ട വിമാനം കൊടുങ്കാറ്റില്‍പ്പെട്ടു കഴിഞ്ഞ തിങ്കളാഴ്‌ചയാണു തകര്‍ന്നത്.
വിമാനഭാഗങ്ങളും ബ്ലാക്ക് ബോക്‌സും കണ്ടെത്തുന്നതിനു യുഎസ് നാവികസേന ഫ്രാന്‍സിന് അത്യാധുനിക ഉപകരണങ്ങള്‍ നല്‍കും. ആറു കിലോമീറ്ററിലേറെ ആഴത്തില്‍നിന്നുവരെ ബ്ലാക്ക്‌ബോക്‌സുകള്‍ പുറപ്പെടുവിക്കുന്ന സിഗ്‌നലുകള്‍ ഈ ഉപകരണം പിടിച്ചെടുക്കും. ജഡങ്ങള്‍ കണ്ടെത്തിയ മേഖല കേന്ദ്രീകരിച്ചായിരിക്കും ബ്ലാക്ക് ബോക്‌സിന് വേണ്ടിയുള്ള തിരച്ചില്‍ നടത്തുക.












Click it and Unblock the Notifications