അഭയ: നാര്‍കോ കസെറ്റുകള്‍ സിഡിറ്റില്‍ പരിശോധിക്കും
കൊച്ചി: അഭയ കേസില്‍ നാര്‍കോ പരിശോധന ചിത്രീകരിച്ചിട്ടുള്ള വീഡിയോ കസെറ്റുകള്‍ മൂന്നു സിഡികളിലേയ്‌ക്ക് മാറ്റാനും കസെറ്റില്‍ എഡിറ്റിങ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനും സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റിന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവ് നല്‍കി.
തിരുവനന്തപുരത്ത് തിരുവല്ലത്താണ് സിഡിറ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കോടതി കമ്മീഷണറായി നിയോഗിച്ചിട്ടുള്ള അഡ്വക്കേറ്റ് സജീവ് പ്രഭാകറിന്റെ സാന്നിധ്യത്തില്‍ കസെറ്റുകള്‍ കോടതിയില്‍ നിന്ന് സിബിഐ ഇന്‍സ്‌പെക്ടറായ ഡാര്‍വിന്‍ സ്വീകരണക്കണമെന്നാണ്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കെ എ ബേബിയുടെ ഉത്തരവ്.
വീഡിയോ കാസറ്റുകള്‍ തിരുവനന്തപുരത്ത് സിഡിറ്റില്‍ എത്തിയശേഷം സ്ഥാപനത്തിന്റെയും ഡയറക്ടറുടെയും സാന്നിധ്യത്തില്‍ തുറക്കണം. കസെറ്റുകള്‍ സിഡിയില്‍ ആക്കിയശേഷം അവ തിരിച്ച് മജിസ്‌ട്രേട്ട് കോടതിയില്‍ എത്തിക്കുകയും വേണമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.
അഭയ കേസിലെ പ്രതികളായ ഫാദര്‍ കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെയാണ് നാര്‍കോ പരിശോധനയ്‌ക്ക് വിധേയരാക്കിയത്. കസെറ്റുകളെക്കുറിച്ച് ചില സംശയങ്ങള്‍ ഉയര്‍ന്നതിനാലാണ് അവ സിഡിറ്റിനെക്കൊണ്ട് പരിശോധിപ്പിക്കാന്‍ തീരുമാനമുണ്ടായത്.
സിബിഐയുടെ കയ്യിലുള്ളതാണ് ഈ കസെറ്റുകള്‍. അവ എഡിറ്റ് ചെയ്യപ്പെട്ടതാണോയെന്ന് കണ്ടെത്തേണ്ടതുണ്ട്. അഭയയുടെ പിതാവ് ഐക്കരക്കുന്നേല്‍ എം തോമസ് സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് കസെറ്റുകള്‍ പരിശോധിക്കാനും സിഡിയിലേയ്‌ക്ക് മാറ്റാനും കോടതി ഉത്തരവിട്ടത്.
ഇതിനിടെ ഈ മൂന്നു പ്രതികള്‍ക്കും ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി ഇതേവരെ പരിഗണിച്ചിട്ടില്ല. കര്‍ശനമായ വ്യവസ്ഥകളോടെയാണ് ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. താമസസ്ഥലം മാറുന്നതിനും, യാത്രചെയ്യുന്നതിനുംവരെ പ്രതികള്‍ക്ക് കോടതിയുടെ അനുമതി ആവശ്യമുണ്ട്.












Click it and Unblock the Notifications