കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്‌ ഗവായി ഗവര്‍ണര്‍ പദവിയ്‌ക്ക്‌ അപമാനം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാനുള്ള അനുമതി പത്രത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ന്നു കിട്ടിയത്‌ എങ്ങനെയാണെന്ന്‌ ഗവര്‍ണര്‍ വ്യക്തമാക്കണമെന്ന്‌ എല്‍ ഡി എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു.

ജനാധിപത്യരീതിയിലൂടെ തിരഞ്ഞടുക്കപ്പെട്ട സര്‍ക്കാരിനെ തകര്‍ക്കാനുള്ള ശ്രമമാണ്‌ മന്ത്രിസഭാ തീരുമാനത്തെ മറികടന്നുകൊണ്ടുള്ള ഗവര്‍ണറുടെ നടപടി. ഗവര്‍ണര്‍ ഭരണഘടനാവിരുദ്ധമായാണ്‌ തീരുമാനമെടുക്കുന്നതെന്ന മറ്റു സിപിഎം നേതാക്കളുടെ ആരോപണം വൈക്കം വിശ്വന്‍ ആവര്‍ത്തിച്ചു.

കേരളാ ഗവര്‍ണര്‍ ആ പദവിയ്‌ക്ക്‌ അപമാനമാണ്‌. പ്രോസിക്യൂഷന്‍ തീരുമാനം മന്ത്രിസഭയെ അറിയിയ്‌ക്കാനുള്ള സാമാന്യ മര്യാദ പോലും ഗവര്‍ണര്‍ പാലിച്ചില്ല. കീഴ്‌ വഴക്കങ്ങളുടേയും ചട്ടങ്ങളുടേയും ലംഘനമാണിത്‌.

ആഭ്യന്തരമന്ത്രി ഇക്കാര്യം വാര്‍ത്താ സമ്മേളനം വിളിച്ച്‌ ഇക്കാര്യം വെളിപ്പെടുത്തിയതിന്‌ ശേഷം അനുമതി പത്രത്തിന്റെ പകര്‍പ്പ്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചിരിയ്‌ക്കുന്നത്‌.

മന്ത്രിസഭയുടെ ശുപാര്‍ശ നടപ്പിലാക്കാനുള്ള ബാധ്യത ഗവര്‍ണര്‍ക്കുണ്ട്‌. ഗവര്‍ണര്‍ സ്വതന്ത്രമായി നിയമോപദേശം തേടിയെന്നാണ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ഇത്‌ എവിടെ നിന്നാണെന്ന്‌ മനസ്സിലാവുന്നില്ല. പൊതു വികാരത്തെ മാനിച്ചാണ്‌ ഗവര്‍ണര്‍ തീരുമാനമെടുത്തതെന്നാണ്‌ പറയുന്നത്‌. യുഡിഎഫ്‌ നേതാക്കളുടെ ധര്‍ണ്ണയും ഹര്‍ത്താലും ഗവര്‍ണറെ രാജ്‌ഭവനില്‍ സന്ദര്‍ശിയ്‌ക്കലുമാണോ പൊതുവികാരമെന്ന്‌ വിശ്വന്‍ ചോദിച്ചു.

ഫെഡറല്‍ സംവിധാങ്ങളെ വെല്ലുവിളിയ്‌ക്കുന്ന തീരുമാനമാണ്‌ ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായത്‌. ഏതെങ്കിലും ഒരു ഭരണ സംവിധാനത്തിന്റെയോ രാഷ്‌ട്രീയ പാര്‍ട്ടിയുടെയോ ഏജന്റായി ഗവര്‍ണര്‍ മാറുന്നത്‌ ശരിയല്ല.

രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത രീതിയിലാണ്‌ ഗവര്‍ണര്‍ പെരുമാറുന്നത്‌. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിനെ അപമാനിയ്‌ക്കുന്നതിലൂടെ ചെയ്യുന്നത്‌ ജനങ്ങളെ അപമാനിയ്‌ക്കലാണ്‌. ഇതിനെതിരെ ജനാധിപത്യവാദികള്‍ രംഗത്തിറങ്ങണം. രാഷ്‌ട്രീയ പരമായും നിയമപരമായും കേസ്‌ നേരിടുമെന്ന്‌ അദ്ദേഹം ആവര്‍ത്തിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X