ചോര്‍ച്ചയടക്കാന്‍ ബദല്‍ മാര്‍ഗ്ഗം സ്വീകരിയ്‌ക്കും
ഇടുക്കി: ഇടുക്കി മൂലമറ്റം പവര്‍ഹൗസിലെ ബട്ടര്‍ഫ്‌ളൈ വാല്‍വിലെ ചോര്‍ച്ച അടയ്‌ക്കാന്‍ ബദല്‍ മാര്‍ഗ്ഗം സ്വീകരിയ്‌ക്കുമെന്ന് കെഎസ്‌ഇബി ചെയര്‍മാന്‍ രാജീവ് സദാനന്ദന്‍ അറിയിച്ചു. ഈ നീക്കം പരാജയപ്പെട്ടാല്‍ പണിനിര്‍ത്തിവച്ച് വൈദ്യുതി ഉത്‌പാദനം പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുളമാവ് അണക്കെട്ടിലെ ഇന്‍ടേക്ക് ഗേറ്റിലെ ചോര്‍ച്ച നിയന്ത്രണാതീതമായതോടെ തിങ്കളാഴ്‌ച നടത്തേണ്ടിയിരുന്ന ഇടുക്കി ജലവൈദ്യുത നിലയത്തിലെ ബട്ടര്‍ഫ്‌ളൈ വാല്‍വിന്റെ അറ്റകുറ്റപ്പണികള്‍ മാറ്റിവച്ചിരുന്നു. അതേ സമയം ബട്ടര്‍ഫ്‌ളൈ വാല്‍വിനു പകരം മൂലമറ്റത്തെ ഗാര്‍ഡ് വാല്‍വുകളുടെ അറ്റകുറ്റപ്പണികള്‍ തിങ്കളാഴ്‌ച നടത്തി.
സിവില്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടക്കേണ്ട ടണല്‍ പരിശോധന, മൂലമറ്റത്തെ ഉല്‍പാദനത്തിനു ശേഷം ജലം പുറത്തേക്കു പ്രവഹിക്കുന്ന ടെയില്‍ റേസ് കനാലിന്റെ അനിവാര്യമായ അറ്റകുറ്റപ്പണികള്‍ എന്നിവയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.
കുളമാവ് അണക്കെട്ടില്‍ നിന്നു മൂലമറ്റം പവര്‍ഹൗസിലേക്കു വെള്ളം കൊണ്‌ടുപോകുന്ന വലിയ ടണലിന്റെ കവാടത്തിലുള്ള ഇന്‍ടേക്ക് ഗേറ്റിലാണു ചോര്‍ച്ചയുള്ളത്.
ബട്ടര്‍ഫ്‌ളൈ വാല്‍വിനു തൊട്ടുമുന്നില്‍ ടണലിനുള്ളില്‍ ചാക്കുകെട്ടുകള്‍ അടുക്കിവച്ച് ആഡിറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന തുരങ്കത്തിന്റെ ജനലിലൂടെ വെള്ളം പുറത്തുകളയാനാണ് അധികൃതര്‍ ശ്രമിയ്‌ക്കുന്നത്.












Click it and Unblock the Notifications