വംശീയാക്രമണം ഇന്ത്യക്കാര്‍ പ്രത്യാക്രമണം തുടങ്ങി
മെല്‍ബണ്‍: ആസ്‌ത്രേലിയയില്‍ വംശീയാക്രമണം നേരിടുന്ന ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ വീണ്ടും പ്രിതഷേധറാലി നടത്തി. ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥികൂടി ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് വീണ്ടും പ്രതിഷേധറാലി നടത്തിയത്.
ന്യൂസൗത്ത് വെയില്‍സില്‍ താമസിക്കുന്ന ഇരുപത്തമൂന്നുകാരനായ കമല്‍ ജിത്താണ് ഏറ്റവും പുതിയതായി വംശീയാക്രമണത്തിന് ഇരയായത്. ശനിയാഴ്‌ച അര്‍ദ്ധരാത്രി ഇയാളെ തലയ്‌ക്കടിയേറ്റ് ബോധരഹിതനായ നിലയിലാണ് കണ്ടെത്തിയത്.
പരുക്കേറ്റ കമല്‍ ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കമല്‍ ജിത്തിനെതിരെ ഇതിന് മുമ്പും ആക്രമണം ഉണ്ടായിട്ടുണ്ട്.
ഒരു മാസത്തിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആസ്‌ത്രേലിയയില്‍ നടക്കുന്ന പതിനൊന്നാമത്തെ ആക്രമണമാണിത്. ഇതിനിടെ വംശീയാക്രമണത്തിനെതിരെ ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ പ്രത്യാക്രമണം നടത്താന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.
തങ്ങളെ വംശീയമായി അധിക്ഷേപിച്ച ഒരു ആസ്‌ത്രേലിയക്കാരനെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കുത്തി പരുക്കേല്‍പ്പിച്ചിട്ടുണ്ട്. വംശീയാക്രമണം തുടങ്ങിയശേഷം ഇന്ത്യക്കാര്‍ നടത്തുന്ന ആദ്യത്തെ പ്രത്യാക്രമണമാണ് ഇത്. നിങ്ങള്‍ കറുത്തവരാണ് ഉടന്‍ രാജ്യം വിട്ടുകൊള്ളണം എന്ന് പറഞ്ഞ ഇരുപതുകാരനാണത്രേ കുത്തേറ്റത്.
വംശീയാക്രമണത്തിന്റെ പേരില്‍ ഇന്ത്യക്കാരെ നിയമം കയ്യിലെടുക്കാന്‍ അനുവദിക്കുകയില്ലെന്ന് ആസ്‌ത്രേലിയയിലെ പൊലീസ് പറഞ്ഞു. പ്രതിവര്‍ഷം 1500 കോടി ഡോളറിലേറെ വരുമാനമുള്ള ആസ്‌ത്രേലിയയിലെ മൂന്നാമത്തെ മേഖലയാണ് വിദ്യാഭ്യാസം. ഇതില്‍ 200 കോടി ഡോളറും ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്നാണ് ലഭിക്കുന്നത്.












Click it and Unblock the Notifications