വ്യോമസേന വിമാനം കാണാതായി
ഷില്ലോങ്: പതിമൂന്ന് സൈനികരുമായി പറക്കുകയായിരുന്ന ഇന്ത്യന്‍ വ്യോമസേനയുടെ ആന്റോനോവ് 32 വിമാനം ചൈന അതിര്‍ത്തിയ്‌ക്കടുത്ത് അരുണാചല്‍ പ്രദേശിലെ മലനിരകള്‍ക്ക് മുകളില്‍വച്ച് കാണാതായി. ചൊവ്വാഴ്‌ച ഉച്ചയ്‌ക്കുമുതല്‍ കാണാതായ വിമാനം തകര്‍ന്നുവീണിരിക്കാമെന്ന് ഭയക്കുന്നതായി വ്യോമസേനാ വക്താവ് വിങ് കമാന്‍ഡര്‍ പി സാഹു പറഞ്ഞു.
വ്യോമസേനയുടെ എഎന്‍ 32 ട്രാന്‍സ്‌പോര്‍ട്ടിങ് വിമാനം സമുദ്ര നിരപ്പില്‍ നിന്ന് 1,890 മീറ്റര്‍ ഉയരെയുള്ള അരുണാചല്‍ പ്രദേശിലെ മെചുകയില്‍നിന്ന് ജൊര്‍ഹതിലേക്ക് ഉച്ചയ്‌ക്ക് രണ്ടു മണിയോടെ യാത്രതിരിച്ചതാണ്. വിമാനത്തിലുണ്ടായിരുന്ന സൈനികരില്‍ രണ്ടു പേര്‍ ഓഫീസര്‍മാരാണ്. ചൈന അതിര്‍ത്തിയോട് ചേര്‍ന്ന അരുണാചലിലെ മലനിരകളിലും കാടുകളിലും വിമാനം തകര്‍ന്നുവീണെന്നാണ് സംശയിക്കുന്നത്.
ആകാശമാര്‍ഗമുള്ള തെരച്ചില്‍ തുടരുകയാണ്. വിമാന അവശിഷ്‌ടങ്ങളോ മറ്റു സൂചനകളോ ലഭിച്ചിട്ടില്ല. പ്രതികൂല കാലാവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സൈനിക അര്‍ധസൈനിക വിഭാഗങ്ങളും തെരച്ചിലില്‍ പങ്കുചേരുന്നുണ്ട്.
റഷ്യന്‍ നിര്‍മ്മിത ആന്റോനോവ് 32 വിമാനങ്ങള്‍ 1980ലാണ് ഇന്ത്യന്‍ വ്യോമസേന വാങ്ങുന്നത്. ഇത്തരത്തിലുള്ള 80 വിമാനങ്ങള്‍ വ്യോമസേനയുടെ പക്കലുണ്ട്. 1999ല്‍ ഒരു ആന്റോനോവ് 32 ദില്ലിയില്‍ തകര്‍ന്ന് വീണ് 21 പേര്‍ മരിച്ചതാണ് ഈ വിഭാഗത്തിലുള്ള വിമാനം ഉള്‍പ്പെട്ട പ്രധാന അപകടം.












Click it and Unblock the Notifications