ഗവര്‍ണറുടെ നടപടി മന്ത്രിസഭ ചര്‍ച്ച ചെയ്യും
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂഷന് വിധേയമാക്കാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി ബുധനാഴ്‌ച ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്‌തേയ്‌ക്കും. സിബിഐക്ക് അനുമതി പത്രം നല്‍കിയ വിവരം ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
ഗവര്‍ണര്‍ നടപടിക്രമങ്ങള്‍ ലംഘിച്ചുവെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ വാര്‍ത്താ സമ്മേളനം നടത്തി പത്തു മിനിട്ടിന് ശേഷം സിബിഐയ്‌ക്ക് നല്‍കിയ അനുമതിപത്രത്തിന്റെ പകര്‍പ്പ് ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് പ്രത്യേക ദൂതന്‍ വഴി മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിക്കുകയായിരുന്നു.സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറുന്നതില്‍ ഗവര്‍ണറുടെ ഓഫീസ് കാണിച്ച താത്‌പര്യമില്ലായ്‌മയെ സിപിഎം നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
പ്രോസിക്യൂഷന് അനുമതി നല്‍കാനുണ്ടായ സാഹചര്യങ്ങള്‍ ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഗവര്‍ണറുടെ നടപടിയിന്മേല്‍ എന്തുചെയ്യാനാകുമെന്ന കാര്യം മന്ത്രിസഭ ആലോചിക്കും. മന്ത്രിസഭാ തീരുമാനം ഗവര്‍ണര്‍ മറികടന്നതില്‍ ഘടകകക്ഷികള്‍ക്കും അമര്‍ഷമുണ്ടെന്നാണ് സൂചന.
അതേസമയം ഈ വിഷയം ബുധനാഴ്‌ച ചര്‍ച്ച ചെയ്യേണ്‌ടെന്ന് സിപിഐ മന്ത്രിമാര്‍ ആവശ്യപ്പെട്ടേയ്‌ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 12 ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷമേ ലാവ്‌ലിന്‍ വിഷയത്തില്‍ നിലപാട് എടുക്കാനാകൂ എന്ന് സി.പി.ഐ മന്ത്രിമാര്‍ വ്യക്തമാക്കും. ഇതിന് പുറമെ സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ആശുപത്രിയിലുമാണ്. ഈ സാഹചര്യത്തില്‍ ലാവലിന്‍ ചര്‍ച്ച മാറ്റിവെയ്‌ക്കണമെന്നായിരിക്കും സിപിഐ മന്ത്രിമാര്‍ ആവശ്യപ്പെടുക.
മാറ്റിവയ്‌ക്കണമെന്ന നിലപാടാണ് സിപിഐയ്‌ക്കുള്ളതെങ്കിലും ഈ വിഷയം ബുധനാഴ്‌ച തന്നെ ചര്‍ച്ചയ്‌ക്ക് വരാനാണ് സാദ്ധ്യത.












Click it and Unblock the Notifications