വിഎസുമായി പ്രശ്‌നമില്ലെന്ന് മന്ത്രിമാര്‍
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയ കാര്യത്തില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനും തമ്മില്‍ അഭിപ്രായവ്യത്യാസമില്ലെന്ന് മന്ത്രി എം വിജയകുമാര്‍.
മുഖ്യമന്ത്രി പറഞ്ഞത് ഒരുവശം മാത്രമാണ്. ഗവര്‍ണര്‍ നടപടിക്രമം പാലിച്ചില്ലെന്നാണ് കോടിയേരി ചൂണ്ടിക്കാട്ടിയത്. കോടിയേരിയുള്‍പ്പെടെയുള്ള പിണറായി പക്ഷമന്ത്രിമാര്‍ വിഎസിനോട് ഇടഞ്ഞ് രാജിയ്‌ക്ക് ഒരുങ്ങുന്നുവെന്ന വാര്‍ത്തവന്നതിന് പിന്നാലെയാണ് വിശദീകരണവുമായി ബുധനാഴ്‌ച വൈകീട്ട് വിജയകുമാര്‍ രംഗത്തെത്തിയത്.
ഇതിനിടെ മുഖ്യമന്ത്രിയ്‌ക്കൊപ്പം തുടരാനാകില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്‌ണനും വ്യക്തമാക്കി. വാര്‍ത്ത വെറും മാധ്യമസൃഷ്ടിമാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്. വിഎസും താനുംതമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാര്‍ രാജിയ്‌ക്ക് തയ്യാറെടുക്കുകയാണെന്നകാര്യം തനിക്കറിയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും വ്യക്തമാക്കിയിരുന്നു. എന്നാല്‍ മന്ത്രിമാര്‍ പിണറായിയെ കണ്ട് വിഎസിനൊപ്പം തുടരാന്‍ കഴിയില്ലെന്നും രാജിവയ്‌ക്കാന്‍ തയ്യാറാണെന്നും പറഞ്ഞുവെന്നാണ് അറിയുന്നത്.
നടപടിക്രമങ്ങളില്‍ ഗവര്‍ണര്‍ ഗുരുതരമായ വീഴ്‌ച വരുത്തിയെന്നാണ് സര്‍ക്കാറിന്റെ നിലപാടെന്നും വിജയകുമാര്‍ പറഞ്ഞു. ഇക്കാര്യത്തിലുള്ള നിയമപരമായ കാര്യങ്ങളും നടപടിക്രമങ്ങളും പരിശോധിക്കണം. അഡ്വക്കേറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ള വിദഗ്‌ധരുമായി ആലോചിച്ചശേഷം നിയമപരമായി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും- അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications