കശ്മീരില്‍ സൈന്യത്തിന്റെ അധികാരം നിയന്ത്രിയ്‌ക്കും
ശ്രീനഗര്‍: കശ്‌മീരിലെ ക്രമസമാധാനചുമതല പോലീസിനാണെന്ന് ആഭ്യന്തര മന്ത്രി പി. ചിദംബരം. സൈന്യത്തിന്റെ പ്രത്യേക അധികാരം പുനരവലോകനം ചെയ്യുമെന്നും ചിദംബരം പറഞ്ഞു. ജമ്മുകശ്‌മീരില്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരുമായി സംസാരിയ്‌ക്കുകയായിരുന്നു.
ജമ്മുകശ്‌മീരിലെ സുരക്ഷാ സൈന്യത്തിന്റെ പ്രത്യേകാധികാരത്തെക്കുറിച്ച് കേന്ദ്രം പരിശോധന നടത്തും. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ ചില രാഷ്ട്രീയ കക്ഷികള്‍ നിരന്തരമായി പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവന.
അതിര്‍ത്തിസംരക്ഷണവും നുഴഞ്ഞുകയറ്റവും തീവ്രവാദം തടയലുമാണ് സൈന്യത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം. സൈന്യത്തിന്റെ പ്രത്യേകാധികാരം സംബന്ധിച്ച് രണ്ട് മാസം മുമ്പ് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി ചര്‍ച്ച നടത്തിയതാണെന്നും തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് അന്ന് ധാരണയായതെന്നും ചിദംബരം പറഞ്ഞു. പ്രധാനമന്ത്രിയുമായും പ്രതിരോധമന്ത്രിയുമായും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശ്‌നബാധിതപ്രദേശത്ത് ആവശ്യപ്പെട്ടാല്‍ മാത്രമേ സൈന്യം ക്രമസമാധാനചുമതല ഏറ്റെടുക്കാവൂ. തെക്കന്‍ കശ്‌മീരിലെ ഷോപിയാനില്‍ രണ്ട് സ്‌ത്രീകളെ ബലാത്സംഗം ചെയ്‌തുകൊന്ന കേസ് സംസ്ഥാനസര്‍ക്കാര്‍ ഗൗരവമായി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് കശ്‌മീരില്‍ കഴിഞ്ഞ ഒരാഴ്‌ചയായി പ്രക്ഷോഭം നടന്നു വരികയാണ്.
സൈനികരാണ് ഇവരെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയതെന്ന് ആരോപിച്ചാണ് പ്രക്ഷോഭം.












Click it and Unblock the Notifications