കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയെ കുരുക്കിയത്‌ വിഎസ്‌?

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ലാവവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യേണ്ടെന്ന്‌ പാര്‍ട്ടി നിലപാടെടുത്തിട്ടും അത്‌ വകവയ്‌ക്കാതിരുന്ന വിഎസ്‌ തന്നെയാണ്‌ പിണറായിയെ കുരുക്കിയതെന്ന്‌ സൂചന.

അഡ്വക്കേറ്റ്‌ ജനറലിന്റെ ഉപദേശപ്രകാരം പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യേണ്ടെന്ന്‌ മന്ത്രി സഭ രേഖാമൂലം ഗവര്‍ണറെ അറിയിച്ചിട്ടും അദ്ദേഹം വിപരീതമായ നിലപാടെടുത്തത്‌ വിഎസിന്റെ ആവശ്യപ്രകാരമാണ്‌. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമുള്ള സമ്മര്‍ദ്ദമാണ്‌ ഗവര്‍ണര്‍ കീഴ്‌വഴക്കം ലംഘിക്കാന്‍ കാരണമായതെന്നാണ്‌ അറിയുന്നത്‌.

മന്ത്രിസഭാ യോഗത്തിന്റെ റിപ്പോര്‍ട്ട്‌ ഗവര്‍ണറുടെ ഓഫീസില്‍ എത്തിയശേഷം മുഖ്യമന്ത്രി ഗവര്‍ണറുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവത്രേ. ഇതിന്‌ ശേഷം വിഎസിന്റെ വിശ്വസ്‌തര്‍ ഗവര്‍ണറുടെ ഓഫീസുമായി ബന്ധപ്പെട്ട്‌ സമ്മര്‍ദ്ദ തന്ത്രത്തിലൂടെ കാര്യങ്ങള്‍ നീക്കുകയായിരുന്നു.

ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ താന്‍ അനുമതി നല്‍കിയാലുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ ഗവര്‍ണര്‍ ആര്‍ എസ്‌ ഗവായ്‌ വിഎസുമായി ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്‌. പാര്‍ട്ടിയുടെയും മന്ത്രിസഭയുടെയും തീരുമാനങ്ങള്‍ നോക്കേണ്ടെന്നും ഗവര്‍ണറുടെ വിവേചനാധികാരം മാത്രം കണക്കിലെടുത്താല്‍ മതിയെന്നുമായിരുന്നുവത്രേ വിഎസിന്റെ നിലപാട്‌.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ്‌ അധികാരത്തിലേറിയതും പ്രോസിക്യൂഷന്‌ അനുമതി നല്‍കാന്‍ ഗവര്‍ണറെ പ്രേരിപ്പിച്ചുവെന്ന്‌ കരുതണം. പ്രോസിക്യൂഷന്‍ അനുമതി നല്‍കിക്കൊണ്ടുള്ള കത്ത്‌ കൈമാറാന്‍ ഞായറാഴ്‌ച തന്നെ തിരഞ്ഞെടുത്തതും റിപ്പോര്‍ട്ട്‌ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തിക്കൊടുത്തതുമെല്ലാം മുന്‍കൂര്‍ അജണ്ടയുടെ ഭാഗം മാത്രമായിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗവര്‍ണറുടെ അനുമതി പത്രത്തിന്റെ പകര്‍പ്പ്‌ എത്തിക്കാതിരുന്നതും ഇതിന്റെ ഭാഗമായിത്തന്നെ കാണേണ്ടിയിരിക്കുന്നു. തന്റെ ഓഫീസില്‍ നിന്നും പല റിപ്പോര്‍ട്ടുകളും ചോരുന്നുണ്ടെന്ന്‌ അറിവുള്ള വിഎസ്‌ തന്നെയായിരിക്കും ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കുക. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ട്‌ ചോര്‍ച്ചയില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസിനും പങ്കുണ്ടെന്ന്‌ ആര്‍ക്കും ആരോപണം ഉന്നയിക്കാനും കഴിയില്ല.

പാര്‍ട്ടിയില്‍ ഒതുക്കപ്പെടുകയായിരുന്ന വിഎസ്‌ പക്ഷം ലാവലിന്‍ കേസിന്റെ തുടക്കം മുതല്‍ തന്നെ കാര്യങ്ങള്‍ ഏകോപിപ്പിച്ച്‌ നീക്കം തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പും തുടര്‍ന്ന്‌ വിഎസിനെതിരെ ആരോപണങ്ങള്‍ ഉയരുകയും ചെയ്‌തപ്പോള്‍ ഇവര്‍ ഈ നീക്കം ശക്തിപ്പെടുത്തുകയും ലാവലിന്‍ ആയുധം ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്‌തുവെന്നതന്നെ വേണം വിലയിരുത്താന്‍.

മുഖ്യമന്ത്രിയുടെ ഓഫീസിന്‌ പുറത്തുള്ള ചില വിശ്വസ്ഥരും ഇതില്‍ കളിച്ചുവെന്ന്‌ സൂചനയുണ്ട്‌. 2004ല്‍ ലാവലിന്‍ കേസ്‌ സംബന്ധിച്ച ചില രേഖകളും ഫയലുകളും സെക്രട്ടേറിയറ്റില്‍ നിന്നും നഷ്ടപ്പെട്ടതായും പിന്നീട്‌ സിബിഐ ഇവ കണ്ടെത്തിയതായും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെല്ലാം പിന്നില്‍ പിണറായിയാണെന്ന്‌ വരുത്തിത്തീര്‍ക്കാനും അത്തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കാനും ഈ വിശ്വസ്‌ത സംഘത്തിന്‌ കഴിഞ്ഞുവെന്നതില്‍ സംശയമില്ല.

എന്തായാലും പാര്‍ട്ടിയിലെ വിഭാഗീയത വിസ്‌്‌ഫോടനകരമായ ഒരുവസ്ഥയില്‍ എത്തിക്കഴിഞ്ഞു. സംസ്ഥാനത്തെ രണ്ട്‌ ഉന്നത നേതാക്കള്‍ ഒരു കേസിന്റെ പേരില്‍ രണ്ടു തട്ടില്‍ നില്‍ക്കുന്ന ഈ അവസ്ഥ സിപിഎം നേതൃത്വത്തിന്റെ എക്കാലത്തെയും വലിയ തലവേദനകളില്‍ ഒന്നാണ്‌. ഇതെങ്ങനെ മറികടക്കുമെന്നാരാഞ്ഞ്‌ തലമുതിര്‍ന്ന നേതാക്കന്മാരുടെ കാല്‍ക്കല്‍ അഭയം തേടിയിരിക്കുകയാണ്‌ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ ഉള്‍പ്പെടെയുള്ള നേതാക്കള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X