ആരാവും പിണറായിയുടെ പിന്‍ഗാമി?
തിരുവനന്തപുരം: സിപിഎമ്മിനെ ഇരുട്ടില്‍ത്തപ്പുന്ന അവസ്ഥയിലാക്കി മാറ്റിയ ലാവലിന്‍ കേസ് സംസ്ഥാന രാഷ്ട്രീയത്തില്‍ എന്ത് മാറ്റമായിരിക്കും ഉണ്ടാക്കാന്‍ പോകുന്നത് എന്നാണ് പ്രബുദ്ധ കേരളം ഉറ്റുനോക്കുന്നത്.
കേസിനെ നേരിടുക എന്ന പ്രശ്‌നത്തേക്കാളുപരി കേസുമായി ബന്ധപ്പെട്ട് വിഎസും പിണറായിയും രണ്ടു തട്ടില്‍ നില്‍ക്കുന്നതാണ് പാര്‍ട്ടിയെ കൂടുതല്‍ കുഴപ്പിക്കുന്നത്. ഇതിനിടെ രണ്ടുപേരെയും പദവികളില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള ആലോചനകളും സിപിഎമ്മില്‍ സജീവമാകുന്നുണ്ട്.
കുറ്റപത്രത്തില്‍ ഏഴാം പ്രതിയായ സ്ഥിതിയ്‌ക്ക് പിണറായി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരാനുള്ള സാധ്യത കുറവാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയ്‌ക്കുള്ളില്‍ത്തന്നെ അതൃപ്‌തി രൂപപ്പെട്ടിട്ടുണ്ട്.
പിണറായി മാറിയാല്‍ ആ സ്ഥാനം ആര്‍ക്ക് നല്‍കുമെന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നുണ്ട്. പിണറായിയുടെ വിശ്വസ്‌തരില്‍ ആര്‍ക്കെങ്കിലുമായിരിക്കും ആ സ്ഥാനം ലഭിക്കുകയെന്നത് ഏറെക്കുറെ ഉറപ്പാണ്. ഇക്കൂട്ടത്തില്‍ കേന്ദ്രകമ്മിറ്റിയംഗം കൂടിയായ ഇ.പി ജയരാജന്റെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.
ജയരാജനെ പിന്‍ഗാമിയാക്കാനാണ് പിണറായിയ്ക്ക് താല്‍പര്യമെന്നാണ് അറിയുന്നത്. എന്നാല്‍ കോടിയേരി ബാലകൃഷ്‌ണന്‍, എം എ ബേബി, എ വിജയരാഘന്‍, പി കരുണാകരന്‍ തുടങ്ങിയവരും ഈ കസേര ലക്ഷ്യമിടുന്നതായി സൂചനകളുണ്ട്. പിണറായിയെ പിന്തുണച്ചുകൊണ്ടുതന്നെയാണ് ഇവരെല്ലാം പ്രീണനനയത്തിലൂടെ സ്ഥാനലബ്ധിയ്‌ക്ക് ശ്രമിക്കുന്നത്.
എന്നാല്‍ ഇവരാരും പ്രത്യക്ഷത്തില്‍ വിഎസിനെതിരെ ശബ്ദമുയര്‍ത്തിയിട്ടുമില്ല. വിഎസിനെ പിണക്കാതെ പിണറായിയുടെ സ്ഥാനം കൈക്കലാക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം. സെക്രട്ടറി സ്ഥാനം ആര്‍ക്കുനല്‍കുമെന്ന കാര്യത്തില്‍ കേന്ദ്രനേതൃത്വവും തീരുമാനത്തില്‍ എത്തിയിട്ടില്ല.
എന്നാല്‍ പിബി അംഗമായ എസ് രാമചന്ദ്രന്‍പിള്ളയ്‌ക്ക് എ വിജയരാഘവനോടാണ് താല്‍പര്യം. അതേസമയംതന്നെ തല്‍ക്കാലം കേസിലെ വിചാരണ ആരംഭിക്കുന്നത് വരെ പിണറായി പദവിയില്‍ തുടരട്ടെയെന്ന അഭിപ്രായങ്ങളും ഉയര്‍ന്നിട്ടുണ്ട്.
വിചാരണ തുടങ്ങാന്‍ ഏതാണ്ട് രണ്ടുവര്‍ഷംവരെയെടുക്കുമെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസുവരെ പിണറായിക്ക് തുടരാം.
എന്നാല്‍ പ്രശ്‌നത്തിലെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പദവിയൊഴിയാമെന്ന നിര്‍ദ്ദേശം പിണറായി തന്നെ മുന്നോട്ടുവച്ചാല്‍ നേതൃത്വം അത് സ്വീകരിക്കാനേ വഴിയുള്ളു.












Click it and Unblock the Notifications