കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണറെ നിയമപരമായി നേരിടും: സിപിഎം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ഗവര്‍ണര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതിനെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ വെള്ളിയാഴ്‌ച ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ്‌ തീരുമാനിച്ചു.

കേന്ദ്രസര്‍ക്കാറിന്റെ അന്വേഷണ ഏജന്‍സിയായ സിബിഐ കെട്ടിച്ചമച്ച കേസാണ്‌ ലാവലിന്‍ കേസെന്ന്‌ പാര്‍ട്ടി ആവര്‍ത്തിച്ചു. പിണറായിയെ ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കോടതിയില്‍ കേസിനെ നിയമപരമായി നേരിടുമെന്ന്‌ സിപിഎം സെക്രട്ടേറിയറ്റ്‌ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

പിണറായി തന്നെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കണമെന്നാണ്‌ സെക്രട്ടേറിയറ്റ്‌ തീരുമാനം. ഒരു പൊതുതാല്‍പര്യഹര്‍ജി വഴി ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്യാനുള്ള സാധ്യത പരിശോധിക്കാനും സെക്രട്ടേറിയറ്റ്‌ തീരുമാനിച്ചിട്ടുണ്ട്‌. ലാവലിന്‍ കേസില്‍ വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്ന്‌ മന്ത്രിസഭ തീരുമാനിച്ചത്‌ അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശവും ബന്ധപ്പെട്ട രേഖകളും പരിശോധിച്ചശേഷമാണ്‌.

ആ നിലയ്‌ക്ക്‌ സംസ്ഥാന സര്‍ക്കാരിനും ഗവര്‍ണറുടെ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ അവകാശമുണ്ട്‌. ഇതിന്റെ സാധ്യതകള്‍ പരിശോധിക്കാനും സെക്രട്ടേറിയറ്റ്‌ തീരുമാനിച്ചിട്ടുണ്ട്‌. ഗവര്‍ണറുടെ നടപടി സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്യണമെങ്കില്‍ അക്കാര്യം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യേണ്ടിവരും.

ഇടതുമുന്നണിയിലെ മറ്റു ഘടകകക്ഷികളുടെ സമ്മതത്തോടെ മാത്രമേ ഇങ്ങനെയൊരു നീക്കം സാധ്യമാവുകയുള്ളു. മാത്രമല്ല ഇക്കാര്യത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന വിഎസ്‌ അച്യുതാനന്ദന്റെ നിലപാടുകളും നിര്‍ണായകമാകും. സെക്രട്ടേറിയറ്റില്‍ വിസിനെതിരെ കടുത്ത വിമര്‍ശനമാണ്‌ ഉയര്‍ന്നത്‌.

പാര്‍ട്ടി നിലപാട്‌ തുടര്‍ച്ചയായി ലംഘിക്കുന്നു, ഗവര്‍ണറെ ന്യായീകരിക്കുന്നത്‌ ശരിയല്ല, യുഡിഎഫ്‌ നേതാക്കളെപ്പോലെ സംസാരിക്കുന്നു, നിലപാടുകള്‍ പാര്‍ട്ടിയുടെ ശത്രുക്കളെ സഹായിക്കുന്നു എന്നിങ്ങനെയായിരുന്നു പ്രധാന വിമര്‍ശനങ്ങള്‍. ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പില്‍ മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X