ലാവലിന്‍: നിയമപരമായി നേരിടണമെന്ന് ആര്‍എസ്‌പിയും
തിരുവനന്തപുരം: ലാവലിന്‍ കേസ് നിയമപരമായാണ് നേരിടേണ്ടിതെന്ന് ആര്‍എസ്‌പി സെക്രട്ടേറിയറ്റ് യോഗം. കേസില്‍ പിണറായി വിജയന്‍ നിയമത്തിന്റെ വഴി തേടണം. രാഷ്‌ട്രീയമായി പരിഹരിയ്‌ക്കാന്‍ കഴിയുന്ന വിഷയമല്ലിതെന്നും ആര്‍എസ്‌പി യോഗം വ്യക്തമാക്കി.
നിയമത്തിന്റെ വഴി സ്വീകരിയ്‌ക്കണമെന്ന് സിപിഐ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇതേ നിലപാടുമായി എല്‍ഡിഎഫിലെ പ്രധാനഘകടകക്ഷിയായ ആര്‍എസ്‌പിയും രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം മന്ത്രിസഭയുടെ തീരുമാനം മറികടന്ന ഗവര്‍ണറുടെ നടപടിയെ ആര്‍എസ്‌പി വിമര്‍ശിച്ചു. മന്ത്രിസഭയുടെ ശുപാര്‍ശ അവഗണിയ്‌ക്കാനാണ് തീരുമാനിച്ചതെങ്കില്‍ അക്കാര്യം നേരിട്ട് ഗവര്‍ണര്‍ മന്ത്രിസഭയെ അറിയിക്കണമായിരുന്നു.
സിബിഐ ഉദ്യോഗസ്ഥരെ നേരിട്ടു വിളിച്ച് വരുത്തി പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി അംഗീകരിയ്‌ക്കാനാകില്ല. അതേ സമയം ഗവര്‍ണ്ണര്‍ക്കെതിരെ തെരുവില്‍ പ്രതിഷേധം നടത്തുന്നത് ഉചിതമായ നടപടിയല്ലെന്നും യോഗം വിലയിരുത്തി.
പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ഇതിനെ ഒറ്റക്കെട്ടായി നേരിട്ട് മുന്നണിയും സര്‍ക്കാരും മുന്നോട്ട് പോകണം. ഭരണതലത്തിലുള്ള പ്രതിസന്ധി പരിഹരിയ്‌ക്കുന്നതിനായി സിപിഎം ഇടപെടണമെന്നും സെക്രട്ടേറിയറ്റിന് ശേഷം ആര്‍എസ്‌പി പുറത്തിറക്കിയ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications