ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിജാദിന് വിജയം
ടെഹ്‌റാന്‍: വന്‍ പോളിങ് രേഖപ്പെടുത്തിയ ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റായ മെഹ്‌മൂദ് അഹമ്മദി നിജാദിന് വന്‍ വിജയം. 69 ശതമാനം വോട്ട് നേടിയാണ് നിജാദ് വിജയം ഉറപ്പിച്ചതെന്ന് ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ടു ചെയ്‌തു. നിജാദിന്റെ അനുയായികള്‍ തെരുവുകളില്‍ വിജയാഘോഷങ്ങള്‍ നടത്തുകയാണ്.
അഭൂതപൂര്‍വമായ പോളിങിനെ തുടര്‍ന്ന് വോട്ടെടുപ്പ് മൂന്ന് മണിക്കൂര്‍ വരെ ദീര്‍ഘിപ്പിച്ചിരുന്നു. തിരക്കിനെ തുടര്‍ന്ന് വൈകിട്ട് ആറിന് അവസാനിയ്‌ക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് രാത്രി ഒമ്പതിനാണ് അവസാനിച്ചത്. 1997ലെ തിരഞ്ഞെടുപ്പിലെ റെക്കോര്‍ഡ് പോളിങ് ഇത്തവണ മറികടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
യാഥാസ്ഥിതികവാദിയായ നിജാദിനെതിരെ പരിഷ്‌കരണവാദിയായ മുന്‍ പ്രധാനമന്ത്രി മിര്‍ ഹുസൈന്‍ മൗസവിയാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായും അട്ടിമറി ശ്രമത്തിനെതിരെ പ്രക്ഷോഭം നടത്തുമെന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മൗസവി 60 ശതമാനം വരെ വോട്ട് നേടി വിജയിക്കുമെന്നായിരുന്നു അഭിപ്രായ സര്‍വെകള്‍ പ്രവചിച്ചിരുന്നത്.
നഗരങ്ങളിലെ ദരിദ്ര വിഭാഗങ്ങളും ഗ്രാമീണ ജനതയുടെ പിന്തുണയാണ് പൊതുവെ നിജാദിന്റെ വിജയത്തില്‍ നിര്‍ണായകമായതെന്ന് കരുതപ്പെടുന്നു.
1979 ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാനില്‍ നടക്കുന്ന പത്താമത്തെ തിരഞ്ഞെടുപ്പാണിത്. 4.6 കോടി വോട്ടര്‍മാരുള്ള ഇറാനിലെ പ്രസിഡന്റിന്റെ കാലാവധി നാല് വര്‍ഷമാണ്‌്. ലോകമെങ്ങും അതീവ താത്‌പര്യത്തോടെയാണ് ഇറാന്‍ തിരഞ്ഞെടുപ്പിനെ വീക്ഷിച്ചിരുന്നത്.












Click it and Unblock the Notifications