കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്‌ മണ്ണില്‍ നിന്നുള്ള ഭീകരവാദം തടയണം

  • By Staff
Google Oneindia Malayalam News

യെക്കറ്റിന്‍ബര്‍ഗ്‌: പാക്‌ മണ്ണിലെ ഇന്ത്യ വിരുദ്ധ ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിയ്‌ക്കണമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ പാകിസ്‌താന്‍ പ്രസിഡന്റ്‌ ആസിഫലി സര്‍ദാരിയോട്‌ ആവശ്യപ്പെട്ടു.

പാക്‌ മണ്ണില്‍ നിന്നും ഇന്ത്യയ്‌ക്കെതിരെ ഒരു തരത്തിലുമുളള ഭീകരാക്രമണവും ഇനി ഉണ്ടാകാന്‍ പാടില്ല. ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ അനുകൂല സാഹചര്യം സൃഷ്‌ടിക്കാന്‍ പാകിസ്‌താന്‍ പരിശ്രമിക്കണമെന്നും മന്‍മോഹന്‍ സര്‍ദാരിയോട്‌ ആവശ്യപ്പെട്ടു. മുംബൈ ആക്രമണത്തിന്‌ ശേഷം ഇതാദ്യമായാണ്‌ ഇരു രാജ്യങ്ങളുടെയും തലവന്‍മാര്‍ തമ്മില്‍ സംഭാഷണം നടത്തുന്നത്‌. ഇരു രാജ്യങ്ങളും ഒരുമിച്ച്‌ ഭീകരതയെ നേരിടേണ്‌ട ആവശ്യകത മന്‍മോഹന്‍ സിംഗ്‌ ചര്‍ച്ചയില്‍ എടുത്തു പറഞ്ഞു. ഈ ആവശ്യം ഉയര്‍ത്തിക്കൊണ്ടാണ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി ചര്‍ച്ച ആരംഭിച്ചത്‌.

അതേ സമയം പാക്കിസ്ഥാന്‍ തുടര്‍ ചര്‍ച്ചകളുടെ പ്രസക്തിയാണ്‌ ഉയര്‍ത്തിക്കാട്ടിയത്‌. ഉഭയകക്ഷി ചര്‍ച്ചയ്‌ക്ക്‌ എത്രയും വേഗം വഴിയൊരുക്കുകയാണ്‌ മഞ്ഞുരുകുന്നതിനുള്ള ആദ്യപടിയെന്ന്‌ പ്രസിഡന്റ്‌ വ്യക്തമാക്കിയതായി പാക്‌ വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ്‌ ഖുറേഷി പിന്നീട്‌ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. റഷ്യയിലെ യെക്കാറ്റിന്‍ബര്‍ഗില്‍ നടക്കുന്ന ഷാങ്‌ഹായ്‌ സഹകണ സംഘടനയുടെ ഉച്ചകോടിയില്‍ നിരീക്ഷകരായി പങ്കെടുക്കുന്നതിനിടെയാണ്‌ അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്‌ച നടന്നത്‌.

പാക്കിസ്ഥാനില്‍ നിന്ന്‌ ഉയര്‍ന്നുവരുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിയ്‌ക്കുക മാത്രമേ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ അവസാനിപ്പിയ്‌ക്കുന്നതിന്‌ വഴിയുള്ളുവെന്ന്‌ മന്‍മോഹന്‍ സിങ്‌ ചൂണ്‌ടിക്കാട്ടി. മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ പാകിസ്‌താന്‍ കാണിക്കുന്ന താല്‍പര്യക്കുറവില്‍ ഇന്ത്യയ്‌ക്കുള്ള ആശങ്ക മന്‍മോഹന്‍സിങ്‌ സര്‍ദാരിയെ അറിയിച്ചു. സംഭവത്തിന്റെ മുഖ്യ സൂത്രധാരനെന്ന്‌ കരുതുന്ന ഹാഫിസ്‌ സയിദിനെ വിട്ടയച്ചത്‌ പ്രശ്‌നത്തെ പാകിസ്‌താന്‍ ഗൗരവപൂര്‍വമല്ല കാണുന്നത്‌ എന്നതിന്‌ തെളിവാണെന്നും മന്‍മോഹന്‍സിങ്‌ ചൂണ്ടിക്കാട്ടി.

ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക്‌ സഹായകമായ അടിസ്ഥാന സൗകര്യങ്ങള്‍ പാകിസ്‌താനിലുണ്ട്‌. അത്‌ ഇല്ലാതാക്കണമെന്നും മന്‍മോഹന്‍സിംഗ്‌ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X