ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്യില്ല: സിപിഎം
ദില്ലി: ലാവലിന്‍ കേസില്‍ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിനെതിരെ കോടതിയെ സമീപിയ്‌ക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചു. ഗവര്‍ണറുടെ തീരുമാനം കോടതി ശരിവച്ചാല്‍ അത് പാര്‍ട്ടിയുടെ പ്രതിച്ഛായ കൂടുതല്‍ മോശമാക്കും എന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്.
ചൊവ്വാഴ്‌ച ചേര്‍ന്ന അവൈലബിള്‍ പിബി യോഗമാണ് പിണറായി വിജയന്‍ കോടതിയില്‍ വിചാരണ നേരിടട്ടെയെന്ന തീരുമാനം കൈക്കൊണ്ടത്.
ഇതിന് മുമ്പ് പ്രോസിക്യൂഷന് അനുമതി നല്‍കിയ തീരുമാനം ചോദ്യംചെയ്യപ്പെട്ട അവസരങ്ങളിലൊക്കെ ഗവര്‍ണറുടെ നിലപാടിനെ കോടതി ശരിവച്ചിട്ടുണ്ടെന്ന വസ്‌തുതയാണ് പിബിയെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.
തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ചെന്ന റെഡ്‌ഡി 1995 ഏപ്രിലില്‍ അനുമതി നല്‍കിയിരുന്നു. ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ പരാതിയുടെ അടിസ്‌ഥാനത്തിലായിരുന്നു ഗവര്‍ണറുടെ നടപടി. ഗവര്‍ണറുടെ തീരുമാനത്തെ കോടതിയില്‍ ചോദ്യംചെയ്‌തെങ്കിലും പ്രയോജനമുണ്ടായില്ല. മധ്യപ്രദേശ് സര്‍ക്കാരിനും സമാനമായ അനുഭവം കോടതിയില്‍ നിന്ന് നേരിട്ടിരുന്നു.
ഗവര്‍ണര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത് കോടതിയില്‍ ചോദ്യംചെയ്യാന്‍ കഴിയുമെന്നു മാത്രമേ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ 12ന് പുറപ്പെടുവിച്ച പ്രസ്‌താവനയില്‍ പറഞ്ഞിട്ടുള്ളൂവെന്നാണ് സിപിഎം നേതാക്കള്‍ ഇപ്പോള്‍ നല്‌കുന്ന വിശദീകരണം.
ഇതേ സമയം ഗവര്‍ണര്‍ക്കെതിരെയുള്ള രാഷ്ട്രീയ നീക്കം തുടരാന്‍ തന്നെയാണ് സിപിഎം തീരുമാനമെന്നറിയുന്നു. ചൊവ്വാഴ്‌ചയും എസ്‌എഫ്‌ഐയുടെ നേതൃത്വത്തില്‍ രാജ്‌ഭവന്‍ മാര്‍ച്ച് നടത്തുകയും ഗവര്‍ണറുടെ നടപടിയെ രൂക്ഷമായി വിമര്‍ശിയ്‌ക്കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications