ലാല്‍ഗഢ് നടപടി തുടരുന്നു
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ ലാല്‍ഗഡിന്റെ നിയന്ത്രണം കൈക്കലാക്കിയ മാവോയിസ്‌റ്റുകള്‍ക്കെതിരെ പോലീസ് നടപടി പുരോഗമിക്കുന്നു. ലാല്‍ഗഡ് പിടിച്ചടക്കി മാവോയിസ്‌റ്റുകള്‍ സ്‌ഥാപിച്ച ആദ്യ ബാരിക്കേഡ് പൊളിച്ചാണ് സേന നടപടി ആരംഭിച്ചത്. വ്യാഴാഴ്‌ച സായുധ ഗോത്രക്കാര്‍ തീര്‍ത്ത പ്രതിരോധനിര മറികടന്നാണ് സായുധ സേന ലാല്‍ഗഢ് തിരിച്ചു പിടിയ്‌ക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.
കേന്ദ്രം ഇടപെടില്ലെന്ന് വ്യക്തമാക്കിയതോടെ സംസ്‌ഥാന പൊലീസാണ് നടപടിക്ക് നേതൃത്വം നല്‍കുന്നത്. അഞ്ച് കമ്പനി സിആര്‍പിഎഫും നക്‌സലുകളെ നേരിടാന്‍ പ്രത്യേക പരിശീലനം നേടിയിട്ടുള്ള കോബ്രയുടെ നാലു കമ്പനിയും ഓപ്പറേഷനുമായി സഹകരിയ്‌ക്കുന്നുണ്ട്. വേണ്ടത്ര ആയുധങ്ങളും ടിയര്‍ ഗ്യാസ് ഉള്‍പ്പെടെയുള്ള സാമഗ്രികളും ഓപ്പറേഷനായി കരുതിയിട്ടുണ്ടെന്ന് ബംഗാള്‍ ഡിജിപി സുജിത് സര്‍ക്കാര്‍ പറഞ്ഞു.
ലാല്‍ഗഡിന് സമീപമുള്ള ജാര്‍ഗ്രാം കേന്ദ്രമാക്കി തിരിച്ചടിക്കാനുള്ള ശ്രമങ്ങളാണ് സേന ശ്രമിയ്‌ക്കുന്നത്. ഇതിനിടെ ജാര്‍ഗ്രാമിനു സമീപമുള്ള ഗോല്‍ടോറില്‍ നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതില്‍ ഒരു ഉന്നത സിപിഎം നേതാവും ഉള്‍പ്പെടുന്നു. കഴുത്തറുത്തു കൊന്ന ശേഷം മറവു ചെയ്‌ത നിലയില്‍ വനമേഖലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
റോഡുകളും പാലങ്ങളും തകര്‍ത്തും മരങ്ങള്‍ വീഴ്‌ത്തിയും മാവോയിസ്‌റ്റുകള്‍ തടസം സൃഷ്‌ടിക്കുന്നുണ്ട്. ഗോത്രവര്‍ഗ്ഗക്കാരായ ആദിവാസികളുടെ മറയാക്കിയാണ് മാവോയിസ്‌റ്റുകള്‍ പോലീസ് നടപടികളെ നേരിടുന്നത്. ഇവരില്‍ സ്‌ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഉള്ളത് പോലീസിനെ വിഷമിപ്പിയ്‌ക്കുന്നുണ്ട്.
മാവോയിസ്‌റ്റ് ആക്രമങ്ങള്‍ നേരിടുന്നതിന് കൂടുതല്‍ കേന്ദ്രസേനയെ അയക്കണമെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയ സാഹചര്യത്തിലാണ് സംസ്‌ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്.












Click it and Unblock the Notifications