മന്‍മോഹനെ അഭിമുഖീകരിക്കാന്‍ മടി;സര്‍ദാരി പിന്‍മാറി
ഇസ്ലമാബാദ്: അടുത്തമാസം 15ന് ഈജിപ്‌തില്‍ നടക്കുന്ന ചേരി ചേരാ ഉച്ചകോടിയില്‍ നിന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പിന്മാറി. തീവ്രവാദമടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തേണ്ടി വരുമെന്നതിനാലാണ് പിന്മാറ്റമെന്ന് കരുതുന്നു.
റഷ്യയില്‍ കഴിഞ്ഞ ദിവസം നടന്ന ഷാങ്‌ഹായ് ഉച്ചകോടിയില്‍ ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീകരര്‍ പാക് മണ്ണ് ഉപയോഗിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ പരിഹരിച്ചാലേ ഭാവിയില്‍ ചര്‍ച്ചകള്‍ക്ക് സാധ്യതയുള്ളൂവെന്നും മന്‍മോഹന്‍ അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്ത വിധം വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ മന്‍മോഹന്‍ പാകിസ്‌താനെതിരെ നിശിത വിമര്‍ശനം നടത്തിയത്.
ചര്‍ച്ചയില്‍ ജൂലൈയില്‍ നടക്കുന്ന നാം ഉച്ചകോടിയില്‍ ഇരുനേതാക്കളും വീണ്ടും കൂടിക്കാഴ്‌ച നടത്താനും തീരുമാനിച്ചിരുന്നു. ഇതോടൊപ്പം ഇരുരാജ്യങ്ങളും തമ്മില്‍ ഭീകരവാദം മുഖ്യവിഷയമാക്കി സെക്രട്ടറിതല ചര്‍ച്ച നടത്താനും തത്വത്തില്‍ തീരുമാനമായിരുന്നു.
എന്നാല്‍ തിരിച്ച് ഇസ്ലമാബാദിലെത്തിയതോടെ പാക്കിസ്ഥാന്‍ നിലപാടു മാറ്റി. പ്രകോപനപരമായ പ്രസ്‌താവനകളില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു. സര്‍ദാരി ഈജിപ്‌തിലേക്കില്ലെന്ന് അറിയിച്ച പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി യൂസഫ് റാസഗിലാനിയാകും പാക് സംഘത്തെ നയിക്കുകയെന്നപാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications