ലാല്‍ഗഢില്‍ കോബ്രകള്‍ മുന്നേറുന്നു
കൊല്‍ക്കത്ത: ആദിവാസികളെ മറയാക്കി മാവോയിസ്‌റ്റുകള്‍ കലാപം നടത്തുന്ന പശ്ചിമ ബംഗാളിലെ ലാല്‍ഡഗഢില്‍ നക്‌സല്‍ വിരുദ്ധ സേന കോബ്രയും പോലീസും നടത്തുന്ന മുന്നേറ്റം തുടരുന്നു. മാവോയിസ്‌റ്റുകളുടെ നിയന്ത്രണത്തിലായിരുന്ന പല പ്രദേശങ്ങളും തിരിച്ചുപിടിച്ചിട്ടുണ്ട്. സേനാ നീക്കത്തിനിടെ കുഴിബോംബ് പൊട്ടി രണ്ട് പോലീസുകാര്‍ക്ക് വെള്ളിയാഴ്‌ച പരിക്കേറ്റു.
സൈനികരുടെ മുന്നേറ്റം സൂക്ഷിച്ചായതിനാല്‍ ഓപ്പറേഷന്‍ അവസാനിക്കാന്‍ സമയം എടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞു. ലാല്‍ഗഢിലേയ്‌ക്കുളള വഴിയിലുളള ജിത്‌കാ വനം മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമാണ്. ഇങ്ങോട്ടുളള വഴിയില്‍ വിന്യസിച്ചിരിക്കുന്ന കുഴിബോംബുകളാണ് സൈനിക നീക്കം വൈകിപ്പിയ്‌ക്കുന്നത്. കുഴിബോംബുകള്‍ കണ്‌ടെത്തി നിര്‍വീര്യമാക്കുന്നതിനുളള നടപടികള്‍ തുടരുകയാണ്.
മരങ്ങളും കല്ലുകളും ഉപയോഗിച്ച് ആദിവാസികള്‍ റോഡുകള്‍ തടസ്സപ്പെടുത്തുന്നതും സേനാനീക്കം തടസപ്പെടുത്തുന്നു. മാവോയിസ്റ്റുകളുടെ മനുഷ്യകവചമാകുന്നതില്‍ നിന്ന് ആദിവാസികള്‍ ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന ലഘുലേഖകള്‍ സൈന്യം ഹെലികോപ്‌ടറിലൂടെ വിതരണം ചെയ്‌തു.
മാവോയിസ്റ്റുകളെ നിരോധിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ചിദംബരം ആവശ്യപ്പെട്ടു. ലാല്‍ഗഡിലേയ്‌ക്ക് സായുധ സേനയെ അയയ്‌ക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി എ.കെ.ആന്റണി വെള്ളിയാഴ്‌ച വ്യക്തമാക്കിയിരുന്നു.
അതിനിടെ ലാല്‍ഗഡിന് സമീപം ദീന്‍പുരില്‍ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനം ആയുധങ്ങളുമായി എത്തിയ 50 ഓളം വരുന്ന അക്രമികള്‍ തട്ടിയെടുത്തു. മാധ്യമപ്രവര്‍ത്തകര്‍ ഓടി രക്ഷപ്പെട്ടു.
അതിനിടെ വെളളിയാഴ്‌ച ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും തമ്മില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന കൂടിക്കാഴ്‌ച ശനിയാഴ്‌ചത്തേയ്‌ക്ക് മാറ്റി. സൈനിക ആക്രമണത്തിനെതിരെ നന്ദിഗ്രാമിലും സിംഗൂരിലും ഉയര്‍ന്നത് പോലെയുള്ള വിരുദ്ധ വികാരം ഉണ്ടാകാതിരിയ്‌ക്കാന്‍ സംസ്ഥാനക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.












Click it and Unblock the Notifications