അഭയക്കേസ്: നാര്‍ക്കോ ടേപ്പുകളില്‍ കൃത്രിമം
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികളുടെ നാര്‍ക്കോ പരിശോധന ചിത്രീകരിച്ച ടേപ്പില്‍ കൃത്രിമം നടന്നതായി റിപ്പോര്‍ട്ട്. ഇതോടെ നിര്‍ണായക തെളിവായി ഉയര്‍ത്തിക്കാട്ടിയ ടേപ്പുകള്‍ സംശയത്തിന്റെ നിഴലിലായി. വീഡിയോ ടേപ്പുകളില്‍ കൃത്രിമം നടന്നത് കേസിന്റെ മുന്നോട്ടുപോക്കിനെ ബാധിയ്‌ക്കുമെന്നും സൂചനയുണ്ട്.
അഭയ കേസ് പരിഗണിയ്‌ക്കുന്ന എറണാകുളം സിജെഎം കോടതിയുടെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരത്ത് സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റിലാണ് ടേപ്പുകള്‍ വിദഗ്‌ധപരിശോധനയ്‌ക്ക് വിധേയമാക്കിയത്. കോടതി നിയോഗിച്ച അഭിഭാഷകരുടെ കമ്മീഷന്റെ സാന്നിധ്യത്തില്‍ മൂന്ന് ടേപ്പുകളാണ് വിദഗ്‌ധര്‍ പരിശോധിച്ചത്.
അഭയയുടെ പിതാവിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമായിരുന്നു കോടതി ടേപ്പുകള്‍ പരിശോധിയ്‌ക്കാന്‍ ഉത്തരവിട്ടത്. പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കിയ ടേപ്പുകളിലാണ് കൃത്രിമം നടന്നിരിക്കുന്നത്. കേസില്‍ ഉന്നത ഇടപെടല്‍ ഉണ്ടായി എന്നതിന് തെളിവാണ് ഇതെന്നും ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു.
നാര്‍ക്കോ പരിശോധനയുടെ യഥാര്‍ത്ഥ സിഡികളല്ല ഹൈക്കോടതിയിലും സിജെഎം കോടതിയിലും സമര്‍പ്പിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് സൂചന. ബാംഗ്ലൂരിലെ ഫോറന്‍സിക് ലാബാണ് സിഡികള്‍ സിബിഐയ്‌ക്ക് കൈമാറിയത്. റിപ്പോര്‍ട്ട് തിങ്കളാഴ്‌ച കോടതിയ്‌ക്ക് കൈമാറും.
അതേ സമയം നാര്‍ക്കോ ടേപ്പുകളില്‍ സാങ്കേതികമായ എഡിറ്റിങ് മാത്രമാണ് നടന്നിട്ടുള്ളതെന്നാണ് ഫോറന്‍സിക് ലാബ് അധികൃതരുടെ നിലപാട്.












Click it and Unblock the Notifications