വിഎസ് മറ്റുള്ളവരുടെ പ്രതിച്ഛായ തകര്‍ക്കുന്നു ബേബി
ദില്ലി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെയുള്ള വിമര്‍ശനം തുടരുന്നു. കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്‌ച വിദ്യാഭ്യാസമന്ത്രി എംഎ ബേബിയാണ് വിഎസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
മുഖ്യമന്ത്രിക്കു സ്വന്തം താല്‍പര്യം സംരക്ഷിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധയെന്ന് ബേബി പറഞ്ഞു. സഹമന്ത്രിമാരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നില്ല. പല സന്ദര്‍ഭങ്ങളിലുടെ അവരുടെ പ്രതിഛായ തകര്‍ക്കുന്ന രീതിയിലാണ് അദ്ദേഹം സംസാരിയ്‌ക്കുന്നത്. സ്വന്തം പ്രതിച്ഛായ സംരക്ഷിയ്‌ക്കുന്നതില്‍ മാത്രമാണ് അദ്ദേഹത്തിന് താത്‌പര്യം. വിഎസിന്റെ പല നിലപാടുകളും പാര്‍ട്ടിക്കു ദോഷം ചെയ്യുന്ന രീതിയിലാണ്. ഉപതിരഞ്ഞെടുപ്പിലും ഇത് ദോഷകരമായി ബാധിക്കുമെന്നും ബേബി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് ചുവടുപിടിച്ചാണ് എംഎ ബേബിയും വിഎസിനെതിരെ രംഗത്തെത്തിയത്. വിഎസിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന് ഐസക്ക് ആവശ്യപ്പെട്ടിരുന്നു.
വിഎസ് അനുകൂലികളായ പികെ ഗുരുദാസന്‍, എംസി ജോസഫൈന്‍ എന്നിവരും പികെ ശ്രീമതിയും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ഇതില്‍ ജോസഫൈന്‍ മാത്രം കേന്ദ്ര കമ്മിറ്റിയില്‍ വി.എസ്സിന് അനുകൂലമായി സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം വി.എസ്സിന് മാത്രമല്ലെന്ന നിലപാടാണ് ജോസഫൈന്‍ സ്വീകരിച്ചതെന്നും സൂചനയുണ്ട്. നിയമസഭാ സമ്മേളനം തിങ്കളാഴ്‌ച ആരംഭിയ്‌ക്കുന്നതിനാല്‍ മുഖ്യമന്ത്രി ഞായറാഴ്‌ച രാവിലെ മടങ്ങിയിരുന്നു.












Click it and Unblock the Notifications