ഇടമലയാര്‍:വിഎസ് വീണ്ടും സുപ്രീം കോടതിയിലേക്ക്
ദില്ലി: മുന്‍ വൈദ്യുത മന്ത്രി ആര്‍ ബാലകൃഷ്‌ണപിള്ള ഉള്‍പ്പെട്ട ഇടമലയാര്‍ അഴിമതി കേസിന്റെ അന്തിമവാദം ഉടന്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയിയെ സമീപിയ്‌ക്കാനൊരുങ്ങുന്നു.
ഇടമലയാര്‍ കേസില്‍ ആര്‍ ബാലകൃഷ്‌ണപിള്ളയെ നേരത്തെ ഹൈക്കോടതി കുറ്റവിമുക്‌തനാക്കിയിരുന്നു. ഇതിനെതിരെ 2005ല്‍ അച്യുതാനന്ദന്‍ സര്‍പ്പിച്ച ഹര്‍ജി അന്തിമവാദം കേള്‍ക്കുന്നതിനായി സുപ്രീം കോടതി മാറ്റിവെച്ചിരിയ്‌ക്കുകയാണ്. അടുത്ത മാസം ആദ്യം കോടതി വീണ്ടും ചേരുമ്പോള്‍ ഹര്‍ജി നല്‍കാനാണ് തീരുമാനമെന്നറിയുന്നു.
സിപിഎം പിബി, കേന്ദ്ര കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കുന്നതിനായി ദില്ലിയിലെത്തിയ വിഎസ് സുപ്രീം കോടതി അഭിഭാഷകരുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായാണ് സൂചന.
കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയില്‍ വൈദ്യുത മന്ത്രിയായിരുന്ന കാലത്ത്‌് ആര്‍ ബാലകൃഷ്‌ണപിള്ള ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയില്‍ കരാര്‍ കൊടുത്തതില്‍ കൃത്രിമത്വം നടന്നുവെന്നാണ് ആരോപണം. ബാലകൃഷ്‌ണപിള്ള അടക്കം എട്ടു പ്രതികളാണ് കേസിലുള്ളത്.
പ്രതികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയയ്‌ക്കുകയും അവര്‍ മറുപടി നല്‍കുകയും ചെയ്‌തിരുന്നു. എന്നാല്‍ നാലു വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ ഇതുവരെ വാദം കേള്‍ക്കല്‍ ആരംഭിച്ചിട്ടില്ല.












Click it and Unblock the Notifications