റെയില്‍വെ: കേരളത്തിന്റെ ആവശ്യങ്ങള്‍ ധരിപ്പിച്ചു
തിരുവനന്തപുരം: കേരളം ആസ്ഥാനമായി റെയില്‍വേ സോണ്‍ അനുവദിക്കണമെന്ന് മന്ത്രി എം വിജയകുമാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ റെയില്‍വെ വികസന ആവശ്യങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതിന് പെനിന്‍സുലാര്‍ റെയില്‍വെ സോണ്‍ എന്ന പേരാണ് നിര്‍ദ്ദേശിച്ചിരിയ്‌ക്കുന്നത്. കേരളം തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ഡിവിഷനുകള്‍ ഇതില്‍ ഉള്‍പ്പെടുത്തണം.
മംഗലാപുരം -കന്യാകുമാരി പാത പൂര്‍ണമായി ഇരട്ടിപ്പിച്ച് വൈദ്യുതീകരിക്കണം. റെയില്‍വേ വികസനത്തിന് ഇതാവശ്യമാണ്. നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് ഇലട്രിക് തീവണ്ടി (മെമു) സര്‍വീസ് വന്നാല്‍ കേരളത്തിലെ യാത്രാക്ലേശം ഒട്ടൊക്കെ പരിഹരിക്കാനാകും. രണ്ടു വര്‍ഷം മുമ്പ് കേരളം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയിട്ടുണ്ട്.
നേരത്തെ കേരളത്തിന് അനുവദിച്ച് കിട്ടിയ റെയില്‍വെ ലൈനുകളുടെ പണി ഉടന്‍ പൂര്‍ത്തിയാക്കണം. പുതുതായി അനുവദിയ്‌ക്കേണ്ട ലൈനുകളെക്കുറിച്ചും തീവണ്ടികളെക്കുറിച്ചും കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച് കേന്ദ്രസഹമന്ത്രി ഇ അഹമ്മദ് റയില്‍വേ ബോര്‍ഡ് ഉദ്യോഗസ്‌ഥരുമായി ചര്‍ച്ച നടത്തി വരികയാണ്. ഇതിനായുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും വിജയകുമാര്‍ പറഞ്ഞു.
പാലക്കാ്‌ടെ റെയില്‍വെ കോച്ച് ഫാക്ടറി, ചേര്‍ത്തലയിലെ വാഗണ്‍ നിര്‍മാണ ഫാക്ടറി എന്നിവയുടെ നിര്‍മാണം ഉടന്‍ ആരംഭിയ്‌ക്കണം. നിര്‍ദ്ദിഷ്ട കൊച്ചി മെട്രോ പദ്ധതി ദില്ലി മെട്രോ മാതൃകയില്‍ ഉടന്‍ നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിജയകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications