ഷോപ്പിയാന്‍ മാനഭംഗം പോലീസ് തെളിവ് നശിപ്പിച്ചു
ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ ഷോപ്പിയാനില്‍ മാനഭംഗത്തിനിരയായി യുവതികള്‍ മരിച്ച സംഭവത്തില്‍ പോലീസ് തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്.മുന്‍ ജസ്‌റ്റിസ് മുസാഫിര്‍ ജാന്റെ ഒരംഗ ജുഡീഷ്യല്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. സംഭവത്തില്‍ പൊലീസിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്.
പൊലീസ് സൂപ്രണ്ടും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടും കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കമ്മീഷന്‍ കണ്ടെത്തലിലുള്ളത്. മരിച്ച യുവതികളുടെ മൃതദേഹം പോസ്‌റ്റുമോര്‍ട്ടം ചെയ്‌ത ഡോക്‌ടര്‍മാരും ഫോറന്‍സിക് ഉദ്യോഗസ്‌ഥനും തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടു നിന്നതായി അന്വേഷണ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
ശ്രീനഗറില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഷോപിയാനിലെ തോട്ടത്തില്‍ നിന്നു മേയ് 28ന് കാണാതായ നിലോഫര്‍ (22), ബന്ധു ആസ്യ (17) എന്നിവരെ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ പിറ്റേ ദിവസം കണ്ടെത്തിയിരുന്നു.
എന്നാല്‍ മാനഭംഗം നടന്നിട്ടില്ലെന്ന തരത്തില്‍ പോലീസും പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌ത ഡോക്ടര്‍മാരും വിധിയെഴുതിയത് താഴവരയില്‍ വന്‍ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. ക്ഷുഭിതരായ ജനക്കൂട്ടം ഡോക്ടര്‍മാരെ ആക്രമിയ്‌ക്കുകയും ആശുപത്രി തകര്‍ക്കുകയും ചെയ്‌തു. സംഭവം ഏറ്റെടുത്ത ഹുറിയത്ത് സംഘടകള്‍ താഴ്‌വരയില്‍ അഞ്ച് ദിവസത്തെ ബന്ദും നടത്തിയിരുന്നു. പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് ജൂണ്‍ മൂന്നിനാണ് മുഖ്യമന്ത്രി ഒമര്‍ അബ്‌ദുല്ല ജുഡീഷ്യല്‍ കമ്മീഷനെ അന്വേഷണത്തിനു നിയമിച്ചത്.












Click it and Unblock the Notifications