പൊഖ്‌റിയാല്‍ ഉത്തര്‍ഖണ്ഡ് മുഖ്യമന്ത്രി
ദില്ലി: ബിജെപി നേതാവ് രമേശ് പൊഖ്‌റിയാല്‍ ഉത്തര്‍ഖണ്ഡ് മുഖ്യമന്ത്രിയാവും. ദില്ലിയില്‍ ചേര്‍ന്ന പാര്‍ട്ടി നിയമസഭാകക്ഷി യോഗമാണ് അദ്ദേഹത്തെ നേതാവായി തിരഞ്ഞെടുത്തത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിസി ഖണ്ഡൂരി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുത്തത്.
ഖണ്ഡൂരി സര്‍ക്കാറില്‍ ആരോഗ്യമന്ത്രിയായിരുന്നു രമേശ് പൊഖ്‌റിയാല്‍. കേന്ദ്ര നിരീക്ഷകനായ എം വെങ്കയ്യനായിഡുവിന്റെ സാന്നിധ്യത്തില്‍ നടന്ന നിയമസഭാകക്ഷി യോഗം ഏകകണ്‌ഠമായാണ് പൊഖ്‌റിയാലിനെ തിരഞ്ഞെടുത്തതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
49കാരനായ രമേശ് പത്രപ്രവര്‍ത്തനത്തില്‍നിന്ന് രാഷ്ട്രീയത്തില്‍ എത്തിയ ആളാണ്. ഖണ്ഡൂരി തന്നെയാണ് പൊഖ്‌റിയാലിന്റെ പേര് നിര്‍ദേശിച്ചത്. വ്യാഴാഴ്‌ച ഗവര്‍ണര്‍ ബിഎല്‍.ജോഷിക്ക് മുമ്പാകെ ഖണ്ഡൂരി രാജി സമര്‍പ്പിക്കും. പിന്നീട് പൊഖ്‌റിയാലും പുതിയ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കും.












Click it and Unblock the Notifications