അലവലാതിത്തരങ്ങള്‍ ജനങ്ങള്‍ ക്ഷമിക്കില്ല ഐസക്ക്
കൊല്ലം: മറ്റുപാര്‍ട്ടികളിലെ പോലെ അലവലാതിത്തരങ്ങള്‍ സിപിഎമ്മിനുള്ളില്‍ ഉണ്ടായാല്‍ ജനം ക്ഷമിയ്‌ക്കില്ലെന്ന് മന്ത്രി തോമസ് ഐസക്ക്. ജനങ്ങള്‍ക്ക് ഇഷ്ടമാകാത്ത ചില കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടായി. അതാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതീക്ഷിച്ചത്. കൊല്ലത്ത് നടക്കുന്ന കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്‌ഥാനപ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ജനങ്ങള്‍ ഒരു മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. അത് എല്ലാവരും മനസ്സിലാക്കണം. ഇപ്പോഴും തുടരുന്ന വിവാദങ്ങള്‍ അവാസനിപ്പിച്ച് ജനക്ഷേമപരമായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വലതുപാര്‍ട്ടികളിലെ അലവലാതിത്തരങ്ങള്‍ ജനത്തിന് ഇഷ്‌ടപ്പെടും. എന്നാല്‍ ഇടതു പാര്‍ട്ടികളില്‍ നിന്ന് അവര്‍ അതു പ്രതീക്ഷിക്കുന്നില്ല. പാര്‍ട്ടിയിലും മുന്നണിയിലുമുണ്ടായ പ്രശ്‌നങ്ങള്‍ യുഡിഎഫ് വേണ്ട പോലെ വിനിയോഗിച്ചു. പാര്‍ട്ടിയിലുള്ളവരും അതിന് വേണ്ട സംഭാവനകള്‍ നല്‌കി.
മര്‍ഡോക്കുമാരും കമ്യൂണിസ്‌റ്റ് വിരുദ്ധരും മേല്‍നോട്ടം വഹിക്കുന്ന മാധ്യമങ്ങളും ഇടതുപക്ഷത്തിനെതിരെ തിരിഞ്ഞു. ഇക്കാര്യങ്ങളെ ചെറുക്കാന്‍ മുന്നണിക്കോ സിപിഎമ്മിനോ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications