എല്‍ഡിഎഫ് യോഗം മാറ്റിവെച്ചു
തിരുവനന്തപുരം: ഘടകകക്ഷികള്‍ വിയോജിപ്പ് അറിയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്‌ച വൈകിട്ട് ചേരാനിരുന്ന ഇടതുമുന്നണി യോഗം മാറ്റിവെച്ചു. ചില ഘടകകക്ഷികളുടെ അസൗകര്യം മൂലമാണ് യോഗം മാറ്റിവെയ്‌ക്കേണ്ടി വന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.
അതേ സമയം ജനതാദളിലെ ഒരു വിഭാഗത്തെ യോഗത്തിലേക്ക് ക്ഷണിച്ചതില്‍ മുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഐയ്‌ക്കുള്ള അതൃപ്‌തിയാണ് യോഗം മാറ്റിവെയ്‌ക്കാന്‍ കാരണമെന്ന് സൂചനകളുണ്ട്.
ഇടതുചേരിയ്‌ക്കൊപ്പം നില്‌ക്കുന്ന ജോസ് തെറ്റയില്‍, മാത്യു ടി എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് ഇടതുമുന്നണി യോഗം നടന്നിരുന്നെങ്കില്‍ ജനതാദളിലെ വീരേന്ദ്ര കുമാര്‍ വിഭാഗം മുന്നണിയില്‍ നിന്നും ഔദ്യോഗികമായി പുറത്താവുമായിരുന്നു. ദളിലെ ന്യൂനപക്ഷത്തെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും അവര്‍ക്ക് മന്ത്രിസ്ഥാനങ്ങള്‍ നല്‌കുന്നതിലും മറ്റുള്ള ഘടകകക്ഷികള്‍ക്ക് എതിര്‍പ്പുണ്ടെന്ന് സൂചനകളുണ്ട്.
തിരഞ്ഞെടുപ്പിനുശേഷം മുന്നണി യോഗം നീട്ടിക്കൊണ്‌ടുപോയ സിപിഎം വ്യാഴാഴ്‌ച തിരക്കിട്ടാണ് ഘടകക്ഷികളുമായി ബന്ധപ്പെട്ട് യോഗം നിശ്ചയിച്ചത്. മെഡിക്കല്‍-എജിനീയറിങ് മാനേജുമെന്റ് അസോസിയേഷനുകളുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ക്ക് മുന്നണി യോഗത്തിന്റെ അനുമതി ആവശ്യമാണ്. ഇക്കാര്യം ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് യോഗം റദ്ദാക്കുന്നതായി വൈക്കം വിശ്വന്‍ അറിയിച്ചിരിയ്‌ക്കുന്നത്.












Click it and Unblock the Notifications